`കുരുത്തക്കേടുകള്‍ `

കുരുത്തക്കേടുകള്‍ എന്നാല്‍ ഗുരുത്വദോഷം എന്നര്‍ത്ഥം.ചെറുപ്പകാലത്ത്, ഉദ്ദേശം ഒരു അഞ്ചെട്ടു വര്‍ഷം മുന്‍പ് വരെ ഞങ്ങള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ കഥ.
കഥാപാത്രങ്ങള്‍ പലരും ഇപ്പോള്‍ എണ്ണപ്പാടതേക്ക് ചേക്കേറി മാന്യന്മാരായി ജീവിക്കുന്നു.ഒരു പക്ഷേ കാലഘട്ടത്തിന്‍റെ അനിവാര്യത.

എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയില്ല.എങ്കിലും പറഞ്ഞു തുടങ്ങാം.
ഒരു പക്ഷേ ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ വേണ്ടി വരും. എങ്കിലും തുടങ്ങാം. വായനക്കാരുടെയും എന്‍റെയും സൗകര്യം കണക്കിലെടുത്ത് ഓരോ അദ്ധ്യായങ്ങള്‍ ആയിട്ടാണ് `കുരുത്തക്കേടുകള്‍ ` പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.

ഇതില്‍ പറയുന്നതെല്ലാം സത്യമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. ഇവയൊക്കെയും സത്യത്തിന്റെ മേന്പൊടി ചേര്‍ത്ത കള്ളത്തരങ്ങള്‍ മാത്രം.ഇതിലെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തികച്ചും സാങ്കല്പികം മാത്രം. കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട` എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമാണ്.

പിന്നെ കമന്റ്‌ അടിക്കരോട് ഒരു വാക്ക്.നിങ്ങള്‍ക്ക് ഇതിനെ പറ്റി എന്തും പറയാം.തെറി മാത്രം പറയരുത്.

Monday, June 9, 2014

നാടകുത്ത്

പണ്ട് പ്രീ ഡിഗ്രിക്ക് കോഴിക്കോട്ടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കാലം. രണ്ടാഴ്ച കൂടുമ്പോഴുള്ള നാട്ടിൽപോക്കിൽ സ്ഥിരം കാണാറുണ്ടായിരുന്നു കോഴിക്കോട്ടെ തീയേറ്ററുകളുടെ ഇടവഴികളിൽ ചെറിയ ആൾ കൂട്ടങ്ങളുള്ള നാടകുത്ത് സംഘങ്ങൾ.
സിനിമഭ്രാന്ത് മൂത്ത ആ കാലത്ത് നാട്ടിൽ പോകുന്ന ദിവസവും തിരികെ ഹൊസ്റ്റലിലെക്ക് വരുന്ന ദിവസവും കാണാറുള്ള സിനിമകള്ക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന കാലം.

വീട്ടില് നിന്നുംകിട്ടിയ ഹോസ്റൽ ഫീസിനത്തിൽ അഞ്ഞൂറും രണ്ടാഴ്ചത്തെ പോക്കറ്റ് മണിയും വഴിച്ചിലവും കൂട്ടി നൂറ്റമ്പത് ഉറുപ്പികയും ആകെ മൊത്തം അറു നൂറ്റമ്പതു ഉറുപ്പികയും കൊണ്ട് ഞാൻ കോഴിക്കോട്ടെത്തി. വയനാട്ടിൽ നിന്നുള്ള ഷമീരിനെയും കോട്ടക്കലുള്ള കബീറിനെയും വടകരയുള്ള സഹലിനെയും കാത്തു ഞാൻ മുമ്പേ പറഞ്ഞുറപ്പിച്ച പ്രകാരം അപ്സര തീയേറ്റരിന്റെ ഇടവഴിയിൽ അവരെയും പ്രതീക്ഷിച്ചു നില്ക്കുന്നു. അടുത്തുള്ള ഇടവഴിയിൽ ഒരാള്ക്കൂട്ടം. നേരെ അങ്ങോട്ട്‌ പിടിച്ചു. ആള്ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി. നോക്കുമ്പോ ഒരുത്തനുണ്ട് ഒരു പെന്സിലും നീണ്ട വിളക്കിനിടുന്ന നാടയും (തിരി) സംഭവം അവതരിപ്പിക്കുന്നു. സിമ്പിൾ... നാട നേർ പകുതിയായി മടക്കുന്നു. പിന്നെ മടക്കി പിടിച്ച നടുവിന്റെ അറ്റത്തു പിടിച്ചു വിവിദ ചുരുളുകളാക്കി മടക്കുന്നു. മടക്കുമ്പോൾ നടുഭാഗം ശ്രദ്ധിക്കാൻ നാടകുത്തുകാരൻ ഇടയ്ക്കിടെ ഓർമിപ്പിക്കും. അവിടെ പെൻസിൽ കൊണ്ട് കുത്തിപ്പിടിക്കും. അയാള് ചുരുളഴിച് നാട വലിക്കുമ്പോൾ പെൻസിൽ നാടയുടെ മടക്കിനുള്ളിൽ കുടുങ്ങിയാ പൈസ നമ്മക്ക്. അല്ലെങ്കിൽ കമ്പനിക്ക്.


സംഗതി കുടുങ്ങിയാ നമ്മൾ വെക്കുന്ന പൈസയുടെ തുല്യമുള്ള സംഖ്യ ആണ് ഓഫർ. സംഭവം നോക്കിപ്പടിച്ചു. സിമ്പിൾ..ഏതു പൊട്ടനും പറ്റും. പിന്നെന്താ അത്ര മോശം ഡിഗ്രിയൊന്നും അല്ലാത്ത പ്രീ ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക് ഇത് വെറും സിമ്പിൾ പ്രശനം. മനക്കോട്ട കെട്ടി 650ഉം 650ഉം 1300. കൂടുകാരോത്തു പ്ലാൻ ചെയ്ത ലക്ഷദീപ് ട്രിപ്പ്‌ വീട്ടിൽ അവതരിപ്പിച്ചു പാസ്സാക്കാൻ പറ്റിയിട്ടില്ല. അതിനുള്ള പൈസ ഞാൻ ഇന്നിവിടുന്നു ഉണ്ടാക്കും. അടുത്ത വീട്ടില്പോക്കിൽ എന്നും കൊണ്ട് പോവാറുള്ള സവർജിലിക്ക് (അന്ന് വില നമുക്ക് താങ്ങാൻ പറ്റുന്ന ഒരു ഫ്രൂട്ട്) പകരം ആപ്പിളും മുന്തിരിയും കൊണ്ട് പോയി കുഞ്ഞു പെങ്ങളെ ഞെട്ടിക്കണം.

അതിനിടക്ക് ഒരാൾ ഒത്ത നടുക്ക പെൻസിൽ കുത്തി 100 വെച്ചു . ചുറ്റും നിൽക്കുന്നവരിൽ താളം പറയാൻ കുറച്ചു ആൾക്കാർ. അവിടെ കുത്തല്ല, അപ്പൊറത്ത് കുത്ത്. അയാള്ക്ക് അടിച്ചു. പിന്നേം ഒരുത്തന് ..അവനും കിട്ടി.. ഞാൻ അയാളുടെ കയ്യിൽ നിന്നു പെൻസിൽ വാങ്ങി.
അയാള് വീണ്ടും നാടച്ചുരുട്ടി. ഞാൻ കൃത്യം നടുവിന് തന്നെ കുത്തി 100 വെച്ചു . അടിച്ചു മോനേ..അയാള് പിന്നേം നാട ചുരുട്ടി. ഇത്തവണ എന്റെ പുത്തി ഉണർന്നു. സംഭവം ഉറപ്പു. ഒത്ത നടുതന്നെ ഞാൻ കണ്ടു പിടിച്ചു. " വെച്ചോ ഇത് ഷുവറാ " താളം പറയുന്ന ആൾ എന്നെ പ്രോത്സാഹിപ്പിച്ചു. എനിക്ക് ആവേശമായി..കീശയിൽ നിന്നും അഞ്ഞൂറിന്റെ ഒറ്റ നോട്ടെടുത്ത് കളത്തിലേക്ക്‌ ഒരേറു. അയാള് നാട വലിച്ചു.. പെന്സിലിനു കുടുങ്ങാതെ നാട അഴിഞ്ഞു. അഞ്ഞൂറ് ഡിം. " ഞാൻ അപ്പളെ പറഞ്ഞതല്ലേ ആട കുത്തണ്ടാ കുത്തണ്ടാന്നു " പിന്നിൽ നിന്നും ഒരു താളം പറയുന്ന പന്നിയുടെ കമന്റ് .

ആ ഞെട്ടലിൽ ഞാൻ എന്റെ ഹോസ്റൽ ഫീസിന്റെ കാര്യം ഓർത്തു. വേറൊരാൾ എന്റെ കയ്യിൽ നിന്നും പെൻസിൽ വാങ്ങി കുത്തി.
അയാള് കുത്തിയപ്പോ കൃത്യമായി അടിച്ചു. പിന്നിൽ നിന്ന ഒരു പന്നീടെ മോൻ പറഞ്ഞു ..."അയാള് കുത്തുന്നതിൽ വെച്ചോ...ഉറപ്പായും അടിക്കും" അയാള് കുത്തി..ഞാനും വെച്ചു 100..ഇത്തവണയും കൃത്യമായി പോയിക്കിട്ടി.

പിന്നെ വാശിയായിരുന്നു. പോയ പൈസ തിരിച്ചു പിടിക്കാൻ നൂറു പിന്നെയും വെ ച്ചു. എവട ..അതും പോയിക്കിട്ടി. അവസാനം ബാക്കിയുള്ള അൻപതും വെച്ചൊരു ശ്രമം. അതും പന്നി നായിന്റെ മോന് കിട്ടി.

ദുഖ ഭാരം താങ്ങാൻ ആവാതെ ഞാൻ തിരിച്ചു അപ്സരയുടെ നേർക്ക് നടന്നു. എന്നെയും വെയിറ്റ് ചെയ്ത് നില്ക്കുന്ന ചങ്ങായിമാരോട് കാര്യം അവതരിപ്പിച്ചു. നിസ്സഹായനായ എന്നെയും കൂട്ടി നാട കുത്ത് നടത്തിയ സ്ഥലത്ത് എത്തിയപ്പോൾ അവിടെ ശൂന്യം. എല്ലാരും സ്കൂട്ടായിരുന്നു. ഒരു പോക്കറ്റടി കഥയും ഉണ്ടാക്കി ഞങ്ങൾ സിനിമക്ക് കേറി. പക്ഷേ സിനിമ സ്ക്രീനിൽ കളിക്കുന്നതല്ലാതെ എന്റെ മനസ്സ് മുഴുവൻ അഴിഞ്ഞു പോവുന്ന നാടകളിലായിരുന്നു.



ഹൊസ്റ്റലിലും വീട്ടിലും പോക്കറ്റടിക്കഥ വർക്ക്‌ ഔട്ട്‌ ആയി. എന്നാലും പോയ 650 ഓർക്കുമ്പോൾ ഇന്നും മനസ്സിന് ഒരു വിങ്ങൽ.


പിന്നെ ഞാൻ പഠിച്ചു.. നാടകുത്തിന്റെ ഗുട്ടന്സ്. ആദ്യം പൈസ അടിച്ചവരും പിന്നെ പിന്നിൽ നിന്നും താളം പറയുന്നവരും ഒരേ കമ്പനിക്കാർ തന്നെയാണെന്ന സത്യം. കണ്ടു നില്ക്കുന്നവരെ കുഴിയിൽ ചാടിക്കാൻ അവർ വെക്കുന്നു...അടിക്കുന്നു.

പിന്കുറി: നാടകുത്തിനു ഒരു ടെക്നിക്ക് ഉണ്ട്. കുത്തുകാരന് തീരുമാനിക്കാം ഇത് കുടുക്കണോ വേണ്ടയോ എന്ന്. ആ ട്രിക്ക് പഠിക്കണം എന്നുള്ളവർ എന്റെ ബാങ്ക് അക്കൗന്ടിൽ വെറും നൂറു രൂപ അടച്ചു പേർസണലായി ബന്ധപ്പെടുക. പഠിപ്പിച്ചു തരാം.

Sunday, June 8, 2014

അവന്‍ വരുന്നു...

അടയാളങ്ങള്‍
വെച്ച് കുത്തി കീറിയ കാല്‍വിരലുകളും
ബട്ടന്‍സ് ഇല്ലാത്ത ട്രൌസറും
പിന്നെ മേല് നിറച്ചും കലകളും
അവന്റെ അടയാളങ്ങള്‍...

ആയുധങ്ങള്‍
കൊടകമ്പിയും കുപ്പിച്ചില്ലും
ആരും കാണാതെ
അടുപ്പിന്‍ തിണ്ണയില്‍ നിന്നും
കവര്‍ന്നെടുത്ത തീപ്പെട്ടിയും
അവന്‍റെ ആയുധങ്ങള്‍...

ഇഷ്ട ഭക്ഷണം
നാട്ടുമാവിലെ മാങ്ങയും
കല്ലുംപുറത്തെ വരിക്ക പ്ലാവിന്റെ ചക്കയും
മുള്ളിന്‍ കൂട്ടത്തിലെ നുള്ളിക്കയും
അവന്‍റെ ഇഷ്ട വിഭവങ്ങള്‍...

ഇഷ്ടവിഷയം
ഉന്ത്‌ തല്ല് വഴക്ക്‌ വക്കാണം
അടി പിടി കാക്കവധം
കോഴിപാച്ചല്‍ പട്ടിയേര്‍
മീനൂറ്റ്‌ ആട്ദ്രോഹം
അലമ്പ് അവുലോസുണ്ട
പിന്നെ ഹലാക്കിന്‍റെ അവിലും കഞ്ഞിയും.


Saturday, June 7, 2014

നാസറും പേട്ടടിയും

ചെറുപ്പ കാലത്ത് ബല്യ പെരുന്നാക്ക് ഊട്ടിയിലേക്ക് ടൂര് പോയ നാസറിന്റെ ചെരുപ്പിന്റെ അടി പൊളിഞ്ഞു .
അതും ബാറ്റ കമ്പനിയുടെ എഴുപത്തി ഒന്പതു ഉറുപ്പിയ തൊണ്ണൂറ്റി അഞ്ചു പൈഷക്ക് കഴിഞ്ഞ ചെറിയ പെരുന്നാക്ക് മാങ്ങിയ ചെരുപ്പാ..
നാസറും കൂട്ടുകാരും ബസ് സ്ടാണ്ടില് കണ്ട ഒരു അണ്ണാച്ചി ചെരുപ്പ് കുതിയുടെ അടുത്തേക്ക് പോയി.
" അണ്ണാ ഇത് റെടി പണ്ണതുകക്ക് എത്ര രൂപ?" അറിയാവുന്ന തമിളില് നാസർ  കാച്ചി.
" ആണി വെച്ചാ നല്ലാരുക്കും തംബീ. ആണിക്ക് രണ്ടു രൂപ മട്ടും താന് "
"ഹ ശരി ആണി പോട്ടുങ്കോ അണ്ണാ"
"രന്ടു സെരിപ്പും ആണി പൊട്ടാ നല്ലായിരിക്കും തംബീ....നീങ്ക ഒരു ടീ സാപ്പിട്ട് വാ.. നാന് റെഡി പണ്ണി വെക്കറെന്"


നാസറും കൂട്ടുകാരും ടീ സാപ്പിട്ട് വരുമ്പോഴേക്കും രണ്ടു ചെരുപ്പിലും കൂടി പതിനാലും പതിനാലും ഇരുപത്തി എട്ടു റിബീറ്റ് ആണി അണ്ണന് അടിച്ചു കയറ്റിയിട്ടുണ്ട്.
ഇനി ഒരു കൊല്ലത്തേക്ക് വേറെ ചെരിപ്പ് വാങ്ങണ്ട..അത്ര നല്ല കണ്ടീഷന് ആക്കിയിട്ടുണ്ട് അണ്ണാച്ചി. രണ്ടും രണ്ടും നാല് രൂപ കൊണ്ട് സംഗതി നടന്നല്ലോ.
ഇവിടെ വെച്ച് തന്നെ ചെരുപ്പിന്റെ അടി പൊളിഞ്ഞത് എത്ര നന്നായി. നാസർ  മനസ്സില് ഓര്ത്തു.
ഈ അണ്ണന് ഒരു പൊട്ടന് തന്നെ. അല്ലെങ്കില് ആരെങ്കിലും വെറും നാല് ഉറുപ്പിയക്ക് ഇത്രയും ആണി അടിച്ചു കയറ്റുമോ.
നാസറിന്റെ കുരുട്ടു പുത്തിയില് ലഡ്ഡു പൊട്ടി. നാസര് നൂറു ഉറുപ്പികയുടെ ഒറ്റ നോട്ടെടുത്ത് അണ്ണാച്ചിക്ക് നീട്ടി.
നൂറിന്റെ നോട്ടിനോന്നും ഈ അണ്ണാച്ചിയുടെ അടുത്ത് ചില്ലറ കാണില്ല..അങ്ങനെ കൊടുക്കാനുള്ള നാലും ലാഭം. നാസർ മനക്കോട്ട കെട്ടി.


നാസറിന്റെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് അണ്ണാച്ചി അമ്പതു രൂപയുടെ ഒറ്റ നോട്ടു തിരിച്ചു നല്കി.
കൂടെ ഒരു ഡയലോഗും "മൊത്തം ഇറുപതിയെട്ടു ആണി പോട്ടിരിക്ക്..ആണി ഒന്നുക്ക് റണ്ട് റൂപ..മൊത്തം അന്പതിയാരു റൂപ..നീങ്കള് കേരളാവില് വന്തത്ക്കാകെ ആറു റൂപ ഡിസ്കൌണ്ട്..ഹാപ്പി അല്ലെവാ "
നാസറിന്റെ കണ്ണ് ഇട്ടി കൊണ്ജന്റെ കണ്ണ് പോലെ മുന്നോട്ടു തള്ളി വന്നു.
"ഇത് എന്ത് അന്യായം അണ്ണാ. നീങ്കള് രന്ടു ഉറുപ്പിയ എന്ന്നു പറഞ്ഞത് കൊണ്ടല്ലേ ഞാന് ആണി വെക്കാന് സമ്മതിച്ചത്..ഇത് പെരിയ അന്യായം അന്ന..നീങ്ക എനിക്ക് ഒരു നല്പ്പത്തിയാരു ഉരുപ്പ്യേം കൂടി താ .."
നാസര് വലിയ വായില് ഒച്ചയിട്ടു. അണ്ണാചിയും വിട്ടു കൊടുത്തില്ല. പേടിയോടെ ആണെങ്കിലും നാസറിന്റെ കൂട്ടുകാരും നാസറിന് വേണ്ടി വാദിച്ചു.


രംഗം കണ്ടു സ്റ്റാന്ടിലെ  പോലീസുകാരന് വന്നു. പോലീസ്കാരനോട്  നാസർ  തന്റെ ദുരനുഭവം നാസർ കരഞ്ഞുകൊണ്ട് പറഞ്ഞു. 
അണ്ണാച്ചിയുടെ ഭാഗം അയാളും അവതരിപ്പിച്ചു. രണ്ട് ഭാഗവും കേട്ട തമിഴ് പോലീസ് നാസറിന് നേരെ തിരിഞ്ഞു. 
"ഇങ്കെ ഒരു വിളയാട്ടവും നടക്കാത്.ശീക്രം കലംബിട്..പുരീതാ..."
നാസറിന്റെ കൂടെ വന്നവര്ക്ക് കാര്യം പിടികിട്ടി. അവര് മെല്ലെ തടി സ്കൂട്ടാക്കി.

നാസർ മനസ്സില് കരുതി...ഇവിടെ കലംബിയാലെ കാര്യം നടക്കൂ..പോലീസുകാരന് പറഞത് കേട്ടില്ലേ...ശീക്രം കലംബാന്..വെറുതെ അല്ല തമിഴ് സിനിമകളില് ഒന്ന് പറഞ്ഞു രണ്ടാമതത്തിനു അടിയും ബെനയും..കലംബുക തന്നെ..ഇനി എന്ത് പേടിക്കാന്..പോലീസുകാരന്റെ സപ്പോര്ട്ടുമുന്ടല്ലോ...

"ഡാ പെറുക്കി റാസ്കല്..ഉനക്ക് എന്നെ തെരിയാതെ.. നാന് നല്ലവനുക്ക് നല്ലവന്...മോശക്കാരനുക്ക് റൊമ്പ മോശക്കാരന്...ഉന്നെ മാതിരി നൂറു അണ്ണാച്ചി എന്റെ മൂക്കില് ഇരിക്കി...എന്റെ പൈസ തിരുമ്പി താ..ഇല്ലെങ്കില് ഉന്നെ ഉടച്ചിടുവേ..നാന് ഒരു വട്ടം ശൊല്ലിയാ അത് നൂര് വട്ടം ശൊല്ലിയ മാതിരി..ഉന്നെ സുട്ടിടുവേ. പൊറുക്കി നായെ. " നാസര് പറഞ്ഞു തീര്ന്നതും അണ്ണാച്ചിയുടെ കാല് നാസറിന്റെ നെഞ്ചത്ത് ആഞ്ഞു പതിച്ചു. ദൂരേക്ക് തെറിച്ച് വീണ  നാസറിന്റെ നടുപ്പുറത്ത് പോലീസുകാരന്റെ ലാത്തി കോതിരഘടകമാടി. "പ്ടപ്പ്, പ്ടപ്പ്, പ്ടപ്പ് പ്ടപ്പ്."
അടി കൊണ്ട് നാസർ ഒരു കൊന്ജനെപ്പോലെ ചുരുണ്ട് പോയി.

Tuesday, February 14, 2012

ഒരു വടക്കന്‍ വീരഗാഥയും ഉമ്മാന്റെ തലയും.


ആറിലോ അതോ ഏഴിലോ എന്നോ ഓര്‍മ്മയില്ല ...രണ്ടിലൊന്നില്‍ പഠിക്കുന്ന കാലംഉസ്കൂളിലും നാട്ടിലുമുള്ള കൂട്ടുകാര്‍ കണ്ട സിനിമകളുടെ വിവരണം കേട്ട് സിനിമ ഒരു പ്രാന്തായി മാറിയ കാലം.

അവിടെ തുടങ്ങി എന്റെ ത്യാഗത്തിന്റെ കഥ... സ്കൂള്‍ ദിവസങ്ങളില്‍ ചായ കുടിക്കാന്‍ തരുന്ന നാണയ തുട്ടുകള്‍ ചായപ്പീടിക കണ്ടില്ലശനിയാഴ്ച വരെ എന്റെ ഇന്സ്ട്രുമെന്റ് ബോക്സില്‍ അടക്കപ്പെടാനായിരുന്നു അതുങ്ങളുടെ ജോഗം. ഉച്ചപട്ടിണി കിടന്നും അണ്ടിയും ചുണ്ട്മണിയും (കുരുമുളക് വള്ളിയുടെ ചോട്ടില്‍ വീണു കിടക്കുന്ന കുരുമുളക് മണികള്‍......, ആരോ ഉണ്ടാക്കിയ അലിഘിത നിയമം അനുസരിച്ച് അത് പെറുക്കി എടുക്കുന്നവനു സ്വന്തം) വിറ്റു ഞാന്‍ സംബാധിച്ച പൈഷക്ക് ശനി ഞായര്‍ ദിവസങ്ങള്‍ വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.



വീട്ടിലെ കണക്കനുസരിച്ച് ശനിയും ഞായറും മദ്രസ് കഴിഞ്ഞാല്‍ ഞാന്‍ എത്തേണ്ടത് ക്ലാസ്സിക്‌ ടൂട്ടോറിയല്‍ കോളേജിലാണ്പക്ഷെ പലപ്പോഴും എത്തിപ്പെട്ടത്  മൊകേരി നിര്മലതൊട്ടില്പ്പാലം ബിന്ദുകക്കട്ടില്‍ അമൃത ആന്ഡ്‌ ലീലപേരാംബ്ര  വര് മേഘ എന്നിവിടങ്ങളിലൊക്കെ യായിരുന്നു...അപൂര്‍വമയി കല്ലാച്ചി സുന്ദറിലും വില്ല്യപ്പള്ളി ആരാധനയിലും എടച്ചേരി വീചിയിലും വടകര കീര്‍ത്തി മുദ്ര, ജയഭാരത്, അശോക്‌ , കേരള സ്കൊയര്‍ എന്നിവിടങ്ങളിലൊക്കെയായി എന്റെ ടൂട്ടോറിയാല്‍ പഠിത്തം.

കുറ്റ്യാടിക്കൂടിയുള്ള യാത്ര പരമാവതി ഒഴിവാക്കിയായിരുന്നു ഞങ്ങളുടെ പോക്ക് വരവുകള്‍ ...ഞങ്ങള്‍ എന്ന് പറയുമ്പോ ഞാന്‍, സലിം, നൌഷാദ്, കാസിം പിന്നെ ചിലപ്പോഴൊക്കെ ജലീലും. വേറെ ഒന്നും കൊണ്ടല്ല  കളി കുറേക്കാലം കളിക്കണമെന്നത്  അക്കാലത്തെ എന്റെ ജീവിതാഭിലഷമായിരുന്നു...അത് കൊണ്ട് പേരാമ്പ്രക്കുള്ള യാത്ര  ഒട്ടേറെ ദുരിതങ്ങള്‍ സഹിച്ചുദൂരങ്ങള്‍ താണ്ടി വലകെട്ട്കേളോത്ത് മുക്ക്ശാന്തിനഗര്‍ വയല്‍ വഴി കുയിമ്പ് വരെ കാല്നട, അവ്ടിന്നു തോണിയില്‍ അക്കരേക്ക്, പിന്നെ ബസ്സില്‍ പേരാമ്പ്രക്ക്തിരിച്ചും അതുവഴി തന്നെകക്കട്ടിലേക്ക് പോയിരുന്നതാവട്ടെ തീക്കുനി വഴി അരൂര്‍ കക്കട്ട്. അന്ന് ബസ്‌ യാത്രക്ക് പത്ത് പൈശ മതിയേനു..സിനിമ കാണിക്കാന്‍ വേണ്ടി സര്‍കാര്‍ ഉണ്ടാക്കിയ ഓരോരോ നിയമങ്ങള്‍..



ഒരിക്കലങ്ങനെ കക്കട്ടില്‍ അമ്രിതയില്‍ നിന്നും സിനിമ വിട്ടിറങ്ങിയ ഞാനും എന്റെ കാരണോന്റെ മോന്‍ ജലീലും  കാഴ്ച കണ്ടു ഞെട്ടിഅവന്റെ ഉപ്പ അമ്രിതയുടെ മുമ്പിലുള്ള ബസ്സ്റ്റോപ്പില്‍ ബസ്‌ കത്ത് നില്ക്കുന്നുഭാഗ്യത്തിന് അങ്ങേര് ഞങ്ങളെ കണ്ടിട്ടില്ലഡബിള്‍ ഭാഗ്യത്തിന് ഒരു ബസ്‌ ഇപ്പുറത്തെ സൈഡിലേക്ക് വന്നു. പിന്നെ ഒരു ഓട്ടമായിരുന്നു...ബസിന്റെ മറപിടിച്ചു മനസ്സ് നിറയെ സിനിമാ പ്രാന്ത് തന്ന ആവേശത്തില്‍ ബസിനൊപ്പം ഞങ്ങള്‍ ഓടി. ബസ്‌ കുറ്റ്യാടി ഭാഗത്തേക്ക് പോയി. ഞങ്ങള്‍ രണ്ടും  സ്പീഡ് കുറക്കാതെ നരിപ്പറ്റ റോഡിലേക്കുള്ള വളവും വളച്ചു ഓടി എവിടെയോ എത്തി. അവിടെ നിന്നും നാട്ടുവഴികളിലൂടെ നടന്നു നടന്ന്‍ അരൂര്‍ റോഡിലെത്തി. പിടിക്കാപ്പെടാതിരുന്നത്തിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ രണ്ടും ഓരോ നെടുവീര്‍പ്പ് ഇട്ടു. കണ്ടിരുന്നെങ്കില്‍ അന്നത്തോടെ തീര്‍ന്നെനേ ഞങ്ങളുടെ സിനിമാ പ്രാന്തും ടൂട്ടോറിയല്‍ പഠിത്തവും കുന്തവും കൊടച്ചക്രവുമൊക്കെ.

ആറും ഏഴുമൊക്കെ  കഴിഞ്ഞു ഞാന്‍ എട്ടിലെത്തി. പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍, പുതിയ സിനിമാ ചര്‍ച്ചകള്‍, കൂലങ്കഷമായ നിരൂപണങ്ങള്‍.. .മദ്രസ പഠനം എന്റെ സിനിമ പ്രാന്തിന് ഒരു തടസ്സമായി നിന്നു. പോരാത്തതിനു  മദ്രസയില്‍ ആറാം ക്ലാസ്സില്‍ തോറ്റത് കൊണ്ട് എങ്ങനെയും ഇതൊന്നൂ നിര്‍ത്തണമെന്ന തീരുമാനത്തില്‍ ഞാന്‍ എത്തി ചേര്‍ന്നു. കുത്തിയിരുന്ന് വഴികള്‍ ആലോചിച്ചു. എന്റെ ചെറിയേ പുത്തിയില്‍ ഒരു ബള്‍ബ്‌ കത്തി. ഉമ്മയുടെ തറവാട്ടില്‍ പാര്‍ക്കാന്‍ പോയ ഒരു ശനിയാഴ്ച. അവിടെ നിന്നും വരുമ്പോ ഒരു തോട് മുറിച്ചു കടന്നു വേണം എന്റെ വീട്ടിലേക്കും മദ്രസയിലെക്കും പോവാന്‍., ഐഡിയ വര്‍ക്ക്‌ ഔട്ട്‌ ആക്കുക തന്നെ..തൊട്ടു വരമ്പിലൂടെ നടന്നു ഞാന്‍ തെങ്ങിന്റെ മുറി കൊണ്ട് ഇട്ട പാലത്തില്‍ എത്തി. ആരെങ്കിലും കാണുന്നുണ്ടോ എന്ന് അപ്പുറവും ഇപ്പുറവും നോക്കി. ആരും കാണുന്നില്ലെന്ന്  ഉറപ്പു വരുത്തി ഒറ്റ ചാട്ടം, തോട്ടിലേക്ക്. തോട്ടിലെത്തിയ ഉടനെ മദ്രസ കിത്താബുകള്‍ ഞാന്‍ കൈ വിട്ടു. എന്റെ സര്‍ഫും  നഹുവും അഹുലാകും  തജുവീദുമൊക്കെ ഒഴുകി പോകുന്നത് ഒരു പുഞ്ചിരിയോടെ ഞാന്‍ ഒരു കമ്പില്‍ തൂങ്ങി നോക്കി നിന്നു.

കുപ്പായത്തിലും മുണ്ടിലുമൊക്കെ കുറെ കൂടെ ചളി വാരി തേച്ചു ഞാന്‍ തറവാട്ടിലേക്ക് തന്നെ തിരിച്ചു പോയി. ഒരു കള്ളക്കരച്ചിലൂടെ ഞാന്‍ തോട്ടില്‍ വീണതും എന്റെ കിത്താബു ഒലിച്ചു പോയതും ഉമ്മയോടും അമ്മായിമാരോടും വിവരിച്ചു. "ന്‍റെ മോനിക്കൊന്നും പറ്റീക്കില്ലാലോ, കിതാബൊക്കെ ഉമ്മക്ക് ആരോടെങ്കിലും പഴേത് മങ്ങാലോ.." ഉമ്മ പറഞ്ഞതും എന്റെ കരച്ചിലിന്റെ ശക്തി കൂടി. "ഓനെന്തിനാ പഴേതാകകുന്നത്, ഓനിക്ക് പുതിയെ തന്നെ മാങ്ങി കൊടുക്കാലോ" അടുത്ത കമന്റ്‌ സുലയ്യ അമ്മായീന്റെ വക. രണ്ടിനെയും കടിച്ചു തിന്നാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക്. ഞാന്‍ കടിച്ചു പിടിച്ചു. എന്റെ കഷ്ടപ്പാടൊക്കെ വെറുതെ ആയോ. ഈ നശൂലങ്ങള്‍ ഇനി മോന്‍ മദ്രസില്‍ പോവണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് എത്ര സന്തോഷമാവുമായിരുന്നു. ഒപ്പം എന്റെ അഭിനയം അവര്‍ വിശ്വസിച്ചതിന് ഞാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ നന്ദി പറഞ്ഞു. അവരാണല്ലോ അന്നത്തെയും ഇന്നത്തെയും താരങ്ങള്‍.., ഭാവിയില്‍ ഞാനും ഒരു മമ്മൂട്ടിയും ലാലുമൊക്കെ ആവുന്നത് ഞാന്‍ സ്വപ്നം കണ്ടു. 


പിന്നെ ഉമ്മയെ ബ്രെയിന്‍ വാഷ്‌ ചെയ്യാനായി എന്റെ ശ്രമം. ഹൈസ്കൂള്‍ പഠനവും മദ്രസ പഠനവും ഒന്നിച്ചു കൊണ്ട് പോവുന്നതിന്റെ ബുദ്ധിമുട്ട് പഠന ഭാരത്തിന്റെ എരിവും പുളിയും കലര്‍ത്തി ഉമ്മാക്ക് അവതരിപ്പിച്ചു. അങ്ങനെ ഉമ്മ ഒരു വിധം കണ്‍വിന്‍സ്ട് ആയി. വൈകാതെ എന്റെ മദ്രസ പഠനം നിലച്ചു. ടാകീസുകളില്‍ സിനിമകള്‍ മാറിക്കൊണ്ടിരുന്നു. ഞാന്‍ ഉച്ചപ്പട്ടിണി കിടന്നു കൊണ്ടിരുന്നു. അണ്ടിയും ചുണ്ട്മണിയും പെറുക്കി വിറ്റു കൊണ്ടിരുന്നു. ടാകീസുകളില്‍ എന്റെ വിഹിതം എത്തിച്ചു കൊണ്ടിരുന്നു. 

അങ്ങനെ ഒരു വെള്ളി ആഴ്ച മൊകേരി നിര്‍മലയില്‍ ഇറങ്ങിയിട്ട് അത്രയൊന്നും ആയിട്ടില്ലാത്ത മമ്മൂട്ടി ചന്തുവായിട്ടു തകര്‍ത്തഭിനയിച്ച  'ഒരു വടക്കന്‍ വീരഗാഥ' എന്ന സിനിമ വന്നു. പിറ്റേന്ന് ശനിയാഴ്ച തന്നെ ഞാന്‍ നിര്‍മല ടൂട്ടോറിയലില്‍ ഹാജര്‍......,,, സിനിമ കണ്ടു പുറത്തിറങ്ങി ബീന ഹോട്ടലില്‍ നിന്നും ഒരു അയില പൊരിച്ചതും പൊറോട്ടയും ഒക്കെ അടിച്ചു മാറി കക്കട്ട് തീക്കുനി വഴി വീട്ടില്‍ തിരിച്ചെത്തി. 'ഇന്ദുലേഖ കണ്‍ തുറന്നു' എന്ന പാട്ട് മൂളി ഞാന്‍ വീടിനകത്തേക്ക് കയറി. നേരെ അടുക്കളയിലേക്ക്. "ഉമ്മാ ചായ". ഉമ്മ ചായയും ചോറും ഒരുമിച്ചു തന്നു.

ചോറ് തിന്നുന്നതിനിടയില്‍ ഉമ്മ ചോദിച്ചു. "ഇഞ്ഞി ഇന്ന് മൊകേരി പോയിനോ?" ചോറ് അണ്ണാക്കില്‍ കുടുങ്ങിയ പോലെ.

"മ്ച്..ഞാന്‍ ടൂട്ടോറിയലും വിട്ടു വരുന്നാല്ലേ ഉമ്മാ.."

"ഇഞ്ഞി എന്താ പിന്ന ഇത്തിര ബയ്യത്" ഉമ്മയുടെ ചോദ്യ ശരങ്ങള്‍ എന്നെ വീര്‍പ്പു മുട്ടിച്ചു. എവിടെയൊക്കെയോ എനിക്ക് പാളിച്ചകള്‍ സംഭവിച്ച പോലെ..പരിണിത ഫലങ്ങള്‍ ഓര്‍ത്തു നോക്കിയ ഇടത്ത് തന്നെ പിന്നെയും നോക്കി. 

ഒരു വിധം ചോറ് തിന്നു തീര്‍ത്തു പോയി കൈ കഴുകി തിരിച്ചു വന്ന എനിക്ക് നേരിടേണ്ടി വന്നത് വലിയ കയില്‍ തിരിച്ചു പിടിച്ചു സകല രൌദ്ര ഭാവങ്ങളോടും കൂടി നില്‍ക്കുന്ന ഉമ്മയെ ആയിരുന്നു. 
"പ്ടപ്പ്‌ പ്ടപ്പ്‌ പ്ടപ്പ്‌ പ്ടപ്പ്‌ " ഉമ്മാന്റെ കയ്യിലുള്ള കയില്‍ക്കണ എന്റെ ചന്തിയില്‍ ആഞ്ഞു പതിച്ചു കൊണ്ടിരുന്നു. കണ്ണില്‍ നിന്നും പൊന്നീച്ചയും കാതില്‍ നിന്ന് കിളിയും പറന്നു പോയതിനാല്‍ എണ്ണാന്‍ പറ്റിയില്ല. കണ്ടു കൊണ്ടിരുന്ന കുഞ്ഞനുജത്തി ഉമ്മയെ വാവിട്ടു കരഞ്ഞു കൊണ്ട് വട്ടം പിടിച്ചു. അവളുടെ ഇടപെടലില്‍ ഉമ്മ അടി നിര്‍ത്തി. ഞാന്‍ വലിയ വായില്‍ കരഞ്ഞു കൊണ്ട് എന്റെ മുറിയില്‍ കയറി വാതിലടച്ചു. 

കുറച്ചു കഴിഞ്ഞു ഉമ്മ എന്നെ സോപ്പിടാന്‍ വന്നു. ഈ കാര്യം ഉപ്പ  അറിഞ്ഞാലുള്ള ഭവിഷ്യതിനെ പറ്റിയും സിനിമയുടെ ദോഷങ്ങളെ പറ്റിയും ഒക്കെ പറഞ്ഞു. അത് നമ്മള്‍ മുസ്ലിമീങ്ങള്‍ക്ക് പറ്റിയതല്ലത്രേ. അവസാനം ഉമ്മ എന്നെക്കൊണ്ട് ഉമ്മയുടെ തലയില്‍ കൈ വെച്ച് ഇനി ഞാന്‍ സിനിമക്ക് പോവില്ലെന്ന് സത്യം ചെയ്യിച്ചു. ആരാണ് നിങ്ങളോട് ഇത് പറഞ്ഞതെന്ന എന്റെ ചോദ്യത്തിന് "അത് നീ അറിയണ്ട" എന്ന് പറഞ്ഞു. പിന്നീട് ഞാന്‍ ആളെ കണ്ടു പിടിച്ചു. എന്റെ അയല്‍പക്കത്തെ കുരുപ്പിന്റ്യാടത്തെ ദേവി ആയിരുന്നു ആ വഞ്ചകി. സിനിമക്ക് അവളും ഉണ്ടായിരുന്നു പോലും. അവള്‍ തിരിച്ചു വരുന്ന വഴി ഉമ്മ തോട്ടില്‍ നിന്നും തിരുംബുന്നത് കണ്ടു എന്നെ സിനിമാ ടാല്കീസില്‍ കണ്ട കാര്യം അവള്‍ ഉമ്മയെ അറിയിച്ചു. 

അങ്ങനെ ഉമ്മയുടെ തല ഓര്‍ത്തു അടുത്ത രണ്ടു മൂന്നു ആഴ്ചകള്‍ ഞാന്‍ സിനിമക്ക് പോയില്ല. പിന്നെ ഞാന്‍ ഉമ്മയുടെ തല മറന്നു.  ടാകീസുകളില്‍ സിനിമകള്‍ മാറിക്കൊണ്ടിരുന്നു. ഞാന്‍ ഉച്ചപ്പട്ടിണി കിടന്നു കൊണ്ടിരുന്നു. അണ്ടിയും ചുണ്ട്മണിയും പെറുക്കി വിറ്റു  കൊണ്ടിരുന്നു. ടാകീസുകളില്‍ എന്റെ വിഹിതം മുടങ്ങാതെ എത്തിച്ചു കൊണ്ടിരുന്നു.  

Friday, January 6, 2012

മസാലദോശ


അന്നും ഞങ്ങള്‍ കോളേജില്‍ നിന്നും പതിവ് പിരിവ്‌ എടുത്തു. മസാല ദോശ പിരിവ്. അറിയാവുന്ന പെണ്പിള്ളേരൊക്കെ ചില്ലറ തുട്ടുകള്‍ തന്ണ്‌ു സഹായിച്ചു. മത്തി മുബീന ഇന്നും അഞ്ചിന്റെ പൈസ തന്നില്ല. അല്ലെങ്കിലും അവള്‍ക്ക് ഈയിടെയായി ഇളക്കം കുറച്ചു കൂടുതലാ. ഞങ്ങള്‍ക്ക്‌ പിരിവ് തന്നാല്‍ അവള്‍ക്ക് ഉച്ചക്ക് ചോറിനു പൊരിച്ച മത്തി വാങ്ങാന്‍ പൈസ കാണില്ലത്രേ. നോക്കണേ അവളുടെ പരട്ടു ന്യായം. അവളെ 'മത്തി മുബീന' എന്ന് വിളിക്കുന്നതിനാല്‍ നമ്മളെ അതും പറഞ്ഞു ഒന്ന് ആസ്സാക്കിയതാ അവള്‍. ഹും നിന്നെ ഞങ്ങള്‍ എടുത്തോളാമെടീ എന്ന് മനസ്സില്‍ പറഞ്ഞു പുറമേ ഒരു നൂറ്റിപ്പത്തിന്റെ ചിരി ചിരിച്ചു.


ഞങ്ങള്‍ അഞ്ചു പേര്‍.........അഞ്ചാമന്‍ പഞ്ചാരകുഞ്ചു. പഞ്ച പാണ്ഡവന്‍മാരെ പോലെ ഒരു കോളേജില്‍ ആണെന്ളിലും വ്യത്യസ്ത വിഷയങ്ങള്‍ക്ക് പഠിക്കുന്നവര്‍.....എന്ത് പഠിപ്പ്..ക്ലാസ്സില്‍ കയറിയിട്ട് വേണ്ടേ പഠിക്കാന്‍.... ക്ലാസ്സിലിരുന്നതിനെക്കാള്‍ ഇരുന്നത് കുമാരേട്ടന്റെ പീടികയില്‍.... കുമാരേട്ടന്‍ അകെ വില്‍ക്കുന്നത്‌ ആണ്‍പിള്ളേര്‍ക്ക്‌ സിഗരെട്ടും പെണ്‍പിള്ളേര്‍ക്ക്‌ ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക പിന്നെ കുറച്ചു ഭരണി മിട്ടായിയും മാത്രം. ചില തല തെറിച്ച പെണ്‍പിള്ളേര്‍ സിഗരെട്ടും വാങ്ങാറുണ്ടത്രേ...


പഞ്ചപാണ്ഡവന്‍മാരുടെ മനസ്സില്‍ ജയഭാരതി ഹോട്ടലിലെ മസാലദോശ കോതിര ഘടകമാടി..ആ ദോശയുടെ മൊരിപ്പും അതിനുള്ളിലെ മസാലയുടെ ഗന്ധവും സാമ്പാറിന്റെ പുളിപ്പും ചമ്മന്തിയുടെ എരിവും എല്ലാം കൂടി ആലോചിച്ചപ്പോ എവിടെ നിന്നനെന്നറിയില്ല വായില്‍ കപ്പലോടിക്കാനോന്നുമില്ലെന്കിലും ഒരു ചെറിയ കടലാസ് തോണിയൊക്കെ ഓടിക്കാനുള്ള വെള്ളമൊക്കെ ആയി..കുമാരേട്ടനോട് ഒരു വില്‍സ് വാങ്ങി അഞ്ചാളും കൂടി ആഞ്ഞു വലിച്ചു..


കടയില്‍ ഉപ്പിലിട്ടത്‌ വാങ്ങാന്‍ വന്ന പെണ്‍പിള്ളേരെ നോക്കി പീഡിപ്പിച്ചു കൊണ്ടിരിക്കെ ടൌണിലേക്കുള്ള ബസ്‌ കുന്നിന്മുകളിലേക്കുള്ള കയറ്റവും കയറി കിതച്ചു കൊണ്ട് നിന്നു. ശ്വാസം കിട്ടാതെ ആ ബസ്‌ അവിടെ കിടക്കുമോ എന്ന് തോന്നി. പഞ്ച പാണ്ഡവര്‍ ബസിന്റെ മുന്‍ ഭാഗത്തേക്ക്‌ ഇരച്ചു കയറി.. ഞങളുടെ സമയം ശരിയല്ലാത്തതിനാല്‍ ബസില്‍ തീരെ തിരക്ക് ഉണ്ടായിരുന്നില്ല...രണ്ടു ബെല്ലടിച്ചതോടെ ബസ്‌ മനസില്ലാ മനസ്സോടെ മുന്നോട്ടു നീങ്ങി. വേറെ ഗൌരവമായ വിഷയങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ 'ബസ്‌ ആലോചന' (ബസില്‍ കയരിയാലുണ്ടാവുന്ന ഒരു പ്രത്യേക മാനസികാവസ്ഥ) മസാല ദോശയെ പറ്റി മാത്രമായി. കണ്ടക്ടര്‍ വന്നു ടിക്കറ്റ്‌ ചോദിച്ചു.
"അഞ്ച് മസാല ദോശ"

എന്നെ ഒറ്റക്കാക്കി ബാക്കിഎല്ലാവരും മാലപ്പടക്കത്തിന് തിരി കൊളുത്തി.

Monday, October 3, 2011

കുഞ്ഞിയേട്ടി ഹാജിയും പൊട്ടനും.

 വൈകുന്നേരം അങ്ങാടിയില്‍  പോയി മീനും വാങ്ങി വന്ന കുഞ്ഞിയേട്ടി ഹാജി കണ്ഠം നിറച്ച് പവ്ക്കടക്ക വീണു കിടക്കുന്നത് കണ്ട വ്യാകുല ചിത്തനായി. വീണു കിടക്കുന്ന അടക്ക മിക്കതും കടവാതില്‍ കടിച്ചതായിരുന്നു."ഈറ്റ്ങ്ങളെ കൊണ്ട് തോറ്റല്ലോ ബാപ്പാ. ഇതും കൊണ്ട് ഈറ്റ്ങ്ങള്‍ ഏട്തേക്കാ ഒളീ പോന്നത്. അ കുനീലെല്ലാം കണ്ടത് എന്റെ അടക്ക തന്നെയായിരിക്കും." കണ്ണിന് മുകളില്‍ കൈ വെച്ച് മേലോട്ട് നോക്കിയ ആയ്യാര്‍ കണ്ടത് കവുങ്ങ് നിറയെ മുഴുത്ത് പഴുത്ത അടക്കകള്‍. 


"അല്ലക്കളെ ഏയ്" വീട്ടുമുറ്റത്ത് എത്തിയ ആയ്യാര്‍ അലറി വിളിച്ചു. ഇടന്നായി അകത്തിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട അലീമിച്ച ആയ്യാരുടെ അറാംബെറുപ്പിന്റെ കാരണം തിരക്കി. "എന്താന്ന് " 
"അയ്യടക്ക അതാ കായേനെ  കടാതില്‍ കൊണ്ടുവോന്ന്‍. ഇപ്പന്നിയേക്ക് എന്റെ അടക്ക മാത്തിരേ കണ്ടുള്ളൂ ഓളി. ഇതെന്ത് കാലക്കെടാളീ...ആയെല്ലാം പോട്ടെ , ഉമ്മക്ക് ആരെയാ കിട്ട്വ അതൊന്ന്‍ പറപ്പിക്കുവേന്‍"
ഇങ്ങക്ക് കാഞ്ഞിരോറ പൊട്ടനെ ഇങ്ങു ബിളിച്ചോറോ ..ഓനിംഗ് പറചിയേരും."
"അഉ ശരിയാ ഇഞ്ഞി പറഞ്ഞത് ...ഇപ്പത്തന്നെ ആയിക്കോട്ടെ ..പിന്നേക്ക് ബെച്ചാ നടക്കുവേല... ഞാന്‍ ഓന കൂട്ടീറ്റ് ബെര..ഇഞ്ഞി ഇ മീനങ്ങ് എടുത്തോ"

മീന്‍ കോനായില്‍ വെച്ച് ആയ്യാര്‍ പൊട്ടന്റെ വീടിലേക്ക്‌ ശരം വിട്ട വേഗത്തില്‍ പാഞ്ഞു. പണികഴിഞ്ഞു വന്ന്‍ കുളിക്കാന്‍ കിണറ്റുംകരയില്‍ നിന്ന് വെള്ളം കോരുന്ന റജിയെ കണ്ട ആയ്യാരുടെ മുഖത്ത് ആയിരം ട്യൂബ് ലൈറ്റ്കള്‍ ഒന്നിച്ചു പ്രകാശിച്ചു. 
"പൊട്ടാ പോട്ട" റജിയുടെ പിറകില്‍ നിന്നും ആയ്യാര്‍ ഉറക്കെ കൂറ്റെടുത്തു. പൊട്ടനുണ്ടോ ഇതെല്ലം കേള്‍ക്കുന്നു. അവന്‍ പൊട്ടനല്ലേ. വെറും പൊട്ടന്‍. 
"അല്ല ഞാനിത് ആരോട ഇ പറേന്നത്. കതിന പൊട്ടിയാ കേക്കാതെ ഇഞ്ഞോടോ" എന്നും പറഞ്ഞു ആയ്യാര്‍ കിണറ്റിന്റെ അപ്പുറത്ത്‌ റജിക്ക് കാണാവുന്ന വിധത്തില്‍ നിന്ന ആയ്യാര്‍ കൈ കൊണ്ട് സലാം കാണിച്ചു. ഓര്‍ക്കാപ്പുറത്ത് ആയ്യാരെ കണ്ട റജി ചില പ്രത്യേക ശബ്ദങ്ങള്‍ ഉണ്ടാക്കി.
ഡയലോഗ്ന്റെ അകമ്പടിയോടെ ആയ്യാര്‍ അടക്ക കടാതില്‍ തിന്നുന്നതും അത് പറിക്കേണ്ടതിന്റെ ഏറ്റവും വലിയ ഇപ്പോഴത്തെ ആവശ്യത്തെ പറ്റിയും കുറെ അംഗ വിക്ഷേപങ്ങള്‍ കാണിച്ചു. പണ്ടേ പൊട്ടനായ റജിക്ക് ആയ്യാരുടെ പൊട്ടന്‍ ഭാഷ ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ ഒരു പണി തരുവാനാണ് തന്നെ വിളിക്കുന്നതെന്നും മനസ്സിലാക്കിയ റജി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ആയ്യാരോട് മുന്നില്‍ നടക്കാന്‍ ആങ്ങ്യം കാണിച്ചു. 

ആയ്യാര്‍ മുന്നിലും റജി പിന്നിലുമായി ഓട്ടവും അല്ല നടത്തവും അല്ല എന്ന വിധത്തിലുള്ള ഒരു പോക്കായിരുന്നു അത്. ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കി റജീനോട്
കടാതിലിന്റെ ക്രൂരമായ പ്രവര്‍ത്തിയെ പറ്റിയും, അവനെ കവുങ്ങില്‍ കയറാന്‍ കിട്ടിയില്ലായിരുന്നെങ്കില്‍ സംഭവിച്ചേക്കാവുന്ന ഭയങ്കരമായ അടക്ക നാശത്തെ പറ്റിയും മറ്റും റജിയോട് കഥകളി കാണിച്ചു. കഥയുടെ അര്‍ഥം മനസ്സിലാവാത്ത റജി ആയ്യാരുടെ ആന്ഗ്യങ്ങള്‍ കണ്ട് പ്രത്യേക ശബ്ദത്തോടെ ചിരിച്ചു.  കവുങ്ങിന്റെ ചുവട്ടിലെത്തിയ ആയ്യാര്‍, റജിക്ക് കവുങ്ങിലുള്ള  പഴുത്ത അടക്കകളും നിലത്ത് വീണു കിടക്കുന്ന കടവാതിലുകള്‍ ചവച്ച അടക്കകളും ചൂണ്ടി കാണിച്ചു. അടക്ക വീണു പോവുന്നതാണ് ആയ്യാരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശനമെന്ന്‍ മനസ്സിലാക്കിയ റജി, അടുത്തുള്ള വാഴയില്‍ നിന്നും നാരു കീറി നനച്ച് ഒരു തളപ്പ് ഉണ്ടാക്കി, കവുങ്ങിന്റെ മുകളിലേക്ക് വലിഞ്ഞു കയറി. 

റജിയുടെ കവുങ്ങ് കയറ്റകല ആയ്യാര്‍ താഴെ നിന്നും നോക്കി ആസ്വദിച്ചു. മുകളിലെത്തിയ റജി പഴുത്ത അടക്കാ കുലകള്‍ താഴേക്ക് പറിച്ചിട്ടു.സംത്രിപ്തനായ ആയ്യാര്‍ റജിയോട് താഴേക്ക് ഇറങ്ങി വരാന്‍ ആങ്ങ്യം കാണിച്ചു കൊണ്ട് പറഞ്ഞു. "ഇനി ഇഞ്ഞി ഇങ്ങു കീഞ്ഞോ" പച്ച അടക്ക കൂടി പറിക്കാനാണ് ആയ്യാര്‍ പറയുന്നതെന്ന്‍ കരുതി റജി പച്ച അടക്ക കുല പറിച് താഴെ ഇട്ടു. ആയ്യാര്‍ വീണ്ടും വീണ്ടും ഇറങ്ങി വരാന്‍ ആങ്ങ്യം കാണിച്ചു. റജി പച്ചക്കുലകള്‍ ഓരോന്നോരോന്നായി പറിച്ചിട്ടു.പച്ച കുറിക്ക് പൈങ്ങ മുഴുവന്‍ ആയ്യാരുടെ പറമ്പില്‍ ചിതറി കിടന്നു...

ഹൃദയഭേദകമായ ഈ കാഴ്ച കണ്ട ആയ്യാര്‍ തലക്ക് കൈ കൊടുത്ത് നിലത്ത് ഉക്കിച്ചിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു..."ഇ ലച്ചനം കെട്ട ഇഞ്ഞ ഇ പണിക്ക് ബിളിച്ച എനക്ക് ഇത് തന്നെ കിട്ടണം."

Monday, August 22, 2011

പൊക്കന്‍മാര്‍

പൊക്കനെ പിടിച്ചു കല്ലെടുപ്പിക്കുന്ന പ്രായത്തില്‍....
പൊക്കന്‍ ഒരു സംഭവമായിരുന്നു. തെക്കയില്‍ താഴ വയല്‍. അവിടെയായിരുന്നു ഞങ്ങളുടെ പ്ലേ ഗ്രൌണ്ട്.
 തീരെ ചെറുതായിരുന്നപ്പോള്‍ ഞങ്ങള്‍ അവിടെ ചട്ടിയാന്‍ പൊട്ടിയാന്‍, കോട്ടെ പിടുത്തം, തലമ , ഇട്ടിയും കൊള്ളിയും പിന്നെ ഏറും , 
ഏറെന്നാല്‍ കല്ല്‌ വെച്ച മടഞ്ഞ ഓലപ്പന്ത്‌ കൊണ്ടുള്ള ഭയങ്കര ഊക്കിലുള്ള കൊല്ലുവാനുള്ള ഏര്‍, ഒക്കെയാണ് കളികള്‍.

 പിന്നെ കുറച്ച മുതിര്‍ന്നപ്പോള്‍ അത് ക്രിക്കറ്റ്‌, ഫുട്ബോള്‍, വോളി ബോള്‍ എന്നീ കളികളായി. വെള്ളം വറ്റിയാല്‍ ക്രിക്കറ്റ്‌, വോളി ബോള്‍. ചളി ആയാല്‍ ഫുട്ബോള്‍. 
ആ കളിയെ ഫുട്ബോള്‍ എന്ന് വിളിച്ചാല്‍ അത് കണ്ടു പിടിച്ച സായിപ്പ് ചിലപ്പോ ചവിട്ടി കൊല്ലും. പറഞ്ഞു കാടു കയറുന്നുണ്ടോ..പൊക്കന്റെ കഥ തന്നെ പറയാം. 
 ആ വയലില്‍ ചില പ്രത്യേകം സീസണില്‍ കുറേ പൊക്കന്‍മാര്‍ പാറി നടക്കുമായിരുന്നു. പിന്നെ മറ്റു കളികളെല്ലാം വിട്ടു ഞങ്ങള്‍ പൊക്കനെ പിടിക്കാന്‍ ഓല തുച്ചവുമായി ഓടി നടക്കും.
 ചെലപ്പൊ ഒന്നിനെ കിട്ടും. ഒരു വിധം പൊക്കന്‍ മാരെല്ലാം മണിമലയില്‍ മരുന്നടിക്കാന്‍ വരുന്ന ഹെലി കോപ്ടെര്‍ പോലെ   ആയിരുന്നു. ഞങ്ങള്‍ അക്ഷര ശുദ്ധിയോടെ ഹെലികോപെര്‍ എന്നും പറയും. 




പിടിച്ചു കഴിയുമ്പോഴേക്കും പൊക്കന്‍ അവശനായിരിക്കും. അമ്മാതിരി അടിയല്ലേ ഓല തുച്ചം കൊണ്ട് കിട്ടിയത്.
അങ്ങിനത്തെ അടി കിട്ടിയാല്‍ ഏത് പൊക്കന്‍ ആയാലും മരിക്കുകയോ ചാവുകയോ ചെയ്യും. ഹിന്ദു പൊക്കനാണെങ്കില്‍ ചാവട്ടെ. മുസലിം പൊക്കന്‍ മരിക്കുകയും ചെയ്യട്ടെ.
എന്തായാലും എനിക്ക് കിട്ടിയ പൊക്കന്‍ ചത്തിട്ടില്ല. ഞാന്‍ അതിന്‍റെ വാലിന്‍റെ തെന്പ് പിടിച്ചു. അതിനു സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഉറക്കെ പറഞ്ഞേനെ..മെല്ലെ പിടിക്കെടാ പന്നീ. കാരണം അമ്മാതിരി പിടുത്തമായിരുന്നു ഞാന്‍ അതിനെ പിടിച്ചത്.