വൈകുന്നേരം അങ്ങാടിയില്‍ പോയി മീനും വാങ്ങി വന്ന കുഞ്ഞിയേട്ടി ഹാജി കണ്ഠം നിറച്ച് പവ്ക്കടക്ക വീണു കിടക്കുന്നത് കണ്ട വ്യാകുല ചിത്തനായി. വീണു കിടക്കുന്ന അടക്ക മിക്കതും കടവാതില്‍ കടിച്ചതായിരുന്നു."ഈറ്റ്ങ്ങളെ കൊണ്ട് തോറ്റല്ലോ ബാപ്പാ. ഇതും കൊണ്ട് ഈറ്റ്ങ്ങള്‍ ഏട്തേക്കാ ഒളീ പോന്നത്. അ കുനീലെല്ലാം കണ്ടത് എന്റെ അടക്ക തന്നെയായിരിക്കും." കണ്ണിന് മുകളില്‍ കൈ വെച്ച് മേലോട്ട് നോക്കിയ ആയ്യാര്‍ കണ്ടത് കവുങ്ങ് നിറയെ മുഴുത്ത് പഴുത്ത അടക്കകള്‍.
ഹൃദയഭേദകമായ ഈ കാഴ്ച കണ്ട ആയ്യാര്‍ തലക്ക് കൈ കൊടുത്ത് നിലത്ത് ഉക്കിച്ചിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു..."ഇ ലച്ചനം കെട്ട ഇഞ്ഞ ഇ പണിക്ക് ബിളിച്ച എനക്ക് ഇത് തന്നെ കിട്ടണം."
"അല്ലക്കളെ ഏയ്" വീട്ടുമുറ്റത്ത് എത്തിയ ആയ്യാര്‍ അലറി വിളിച്ചു. ഇടന്നായി അകത്തിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട അലീമിച്ച ആയ്യാരുടെ അറാംബെറുപ്പിന്റെ കാരണം തിരക്കി. "എന്താന്ന് "
"അയ്യടക്ക അതാ കായേനെ കടാതില്‍ കൊണ്ടുവോന്ന്‍. ഇപ്പന്നിയേക്ക് എന്റെ അടക്ക മാത്തിരേ കണ്ടുള്ളൂ ഓളി. ഇതെന്ത് കാലക്കെടാളീ...ആയെല്ലാം പോട്ടെ , ഉമ്മക്ക് ആരെയാ കിട്ട്വ അതൊന്ന്‍ പറപ്പിക്കുവേന്‍"
ഇങ്ങക്ക് കാഞ്ഞിരോറ പൊട്ടനെ ഇങ്ങു ബിളിച്ചോറോ ..ഓനിംഗ് പറചിയേരും."
"അഉ ശരിയാ ഇഞ്ഞി പറഞ്ഞത് ...ഇപ്പത്തന്നെ ആയിക്കോട്ടെ ..പിന്നേക്ക് ബെച്ചാ നടക്കുവേല... ഞാന്‍ ഓന കൂട്ടീറ്റ് ബെര..ഇഞ്ഞി ഇ മീനങ്ങ് എടുത്തോ"
മീന്‍ കോനായില്‍ വെച്ച് ആയ്യാര്‍ പൊട്ടന്റെ വീടിലേക്ക് ശരം വിട്ട വേഗത്തില്‍ പാഞ്ഞു. പണികഴിഞ്ഞു വന്ന്‍ കുളിക്കാന്‍ കിണറ്റുംകരയില്‍ നിന്ന് വെള്ളം കോരുന്ന റജിയെ കണ്ട ആയ്യാരുടെ മുഖത്ത് ആയിരം ട്യൂബ് ലൈറ്റ്കള്‍ ഒന്നിച്ചു പ്രകാശിച്ചു.
"പൊട്ടാ പോട്ട" റജിയുടെ പിറകില്‍ നിന്നും ആയ്യാര്‍ ഉറക്കെ കൂറ്റെടുത്തു. പൊട്ടനുണ്ടോ ഇതെല്ലം കേള്‍ക്കുന്നു. അവന്‍ പൊട്ടനല്ലേ. വെറും പൊട്ടന്‍.
"അല്ല ഞാനിത് ആരോട ഇ പറേന്നത്. കതിന പൊട്ടിയാ കേക്കാതെ ഇഞ്ഞോടോ" എന്നും പറഞ്ഞു ആയ്യാര്‍ കിണറ്റിന്റെ അപ്പുറത്ത് റജിക്ക് കാണാവുന്ന വിധത്തില്‍ നിന്ന ആയ്യാര്‍ കൈ കൊണ്ട് സലാം കാണിച്ചു. ഓര്‍ക്കാപ്പുറത്ത് ആയ്യാരെ കണ്ട റജി ചില പ്രത്യേക ശബ്ദങ്ങള്‍ ഉണ്ടാക്കി.
ഡയലോഗ്ന്റെ അകമ്പടിയോടെ ആയ്യാര്‍ അടക്ക കടാതില്‍ തിന്നുന്നതും അത് പറിക്കേണ്ടതിന്റെ ഏറ്റവും വലിയ ഇപ്പോഴത്തെ ആവശ്യത്തെ പറ്റിയും കുറെ അംഗ വിക്ഷേപങ്ങള്‍ കാണിച്ചു. പണ്ടേ പൊട്ടനായ റജിക്ക് ആയ്യാരുടെ പൊട്ടന്‍ ഭാഷ ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ ഒരു പണി തരുവാനാണ് തന്നെ വിളിക്കുന്നതെന്നും മനസ്സിലാക്കിയ റജി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ആയ്യാരോട് മുന്നില്‍ നടക്കാന്‍ ആങ്ങ്യം കാണിച്ചു.
ആയ്യാര്‍ മുന്നിലും റജി പിന്നിലുമായി ഓട്ടവും അല്ല നടത്തവും അല്ല എന്ന വിധത്തിലുള്ള ഒരു പോക്കായിരുന്നു അത്. ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കി റജീനോട്
കടാതിലിന്റെ ക്രൂരമായ പ്രവര്‍ത്തിയെ പറ്റിയും, അവനെ കവുങ്ങില്‍ കയറാന്‍ കിട്ടിയില്ലായിരുന്നെങ്കില്‍ സംഭവിച്ചേക്കാവുന്ന ഭയങ്കരമായ അടക്ക നാശത്തെ പറ്റിയും മറ്റും റജിയോട് കഥകളി കാണിച്ചു. കഥയുടെ അര്‍ഥം മനസ്സിലാവാത്ത റജി ആയ്യാരുടെ ആന്ഗ്യങ്ങള്‍ കണ്ട് പ്രത്യേക ശബ്ദത്തോടെ ചിരിച്ചു. കവുങ്ങിന്റെ ചുവട്ടിലെത്തിയ ആയ്യാര്‍, റജിക്ക് കവുങ്ങിലുള്ള പഴുത്ത അടക്കകളും നിലത്ത് വീണു കിടക്കുന്ന കടവാതിലുകള്‍ ചവച്ച അടക്കകളും ചൂണ്ടി കാണിച്ചു. അടക്ക വീണു പോവുന്നതാണ് ആയ്യാരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശനമെന്ന്‍ മനസ്സിലാക്കിയ റജി, അടുത്തുള്ള വാഴയില്‍ നിന്നും നാരു കീറി നനച്ച് ഒരു തളപ്പ് ഉണ്ടാക്കി, കവുങ്ങിന്റെ മുകളിലേക്ക് വലിഞ്ഞു കയറി.
റജിയുടെ കവുങ്ങ് കയറ്റകല ആയ്യാര്‍ താഴെ നിന്നും നോക്കി ആസ്വദിച്ചു. മുകളിലെത്തിയ റജി പഴുത്ത അടക്കാ കുലകള്‍ താഴേക്ക് പറിച്ചിട്ടു.സംത്രിപ്തനായ ആയ്യാര്‍ റജിയോട് താഴേക്ക് ഇറങ്ങി വരാന്‍ ആങ്ങ്യം കാണിച്ചു കൊണ്ട് പറഞ്ഞു. "ഇനി ഇഞ്ഞി ഇങ്ങു കീഞ്ഞോ" പച്ച അടക്ക കൂടി പറിക്കാനാണ് ആയ്യാര്‍ പറയുന്നതെന്ന്‍ കരുതി റജി പച്ച അടക്ക കുല പറിച് താഴെ ഇട്ടു. ആയ്യാര്‍ വീണ്ടും വീണ്ടും ഇറങ്ങി വരാന്‍ ആങ്ങ്യം കാണിച്ചു. റജി പച്ചക്കുലകള്‍ ഓരോന്നോരോന്നായി പറിച്ചിട്ടു.പച്ച കുറിക്ക് പൈങ്ങ മുഴുവന്‍ ആയ്യാരുടെ പറമ്പില്‍ ചിതറി കിടന്നു...

No comments:
Post a Comment