`കുരുത്തക്കേടുകള്‍ `

കുരുത്തക്കേടുകള്‍ എന്നാല്‍ ഗുരുത്വദോഷം എന്നര്‍ത്ഥം.ചെറുപ്പകാലത്ത്, ഉദ്ദേശം ഒരു അഞ്ചെട്ടു വര്‍ഷം മുന്‍പ് വരെ ഞങ്ങള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ കഥ.
കഥാപാത്രങ്ങള്‍ പലരും ഇപ്പോള്‍ എണ്ണപ്പാടതേക്ക് ചേക്കേറി മാന്യന്മാരായി ജീവിക്കുന്നു.ഒരു പക്ഷേ കാലഘട്ടത്തിന്‍റെ അനിവാര്യത.

എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയില്ല.എങ്കിലും പറഞ്ഞു തുടങ്ങാം.
ഒരു പക്ഷേ ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ വേണ്ടി വരും. എങ്കിലും തുടങ്ങാം. വായനക്കാരുടെയും എന്‍റെയും സൗകര്യം കണക്കിലെടുത്ത് ഓരോ അദ്ധ്യായങ്ങള്‍ ആയിട്ടാണ് `കുരുത്തക്കേടുകള്‍ ` പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.

ഇതില്‍ പറയുന്നതെല്ലാം സത്യമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. ഇവയൊക്കെയും സത്യത്തിന്റെ മേന്പൊടി ചേര്‍ത്ത കള്ളത്തരങ്ങള്‍ മാത്രം.ഇതിലെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തികച്ചും സാങ്കല്പികം മാത്രം. കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട` എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമാണ്.

പിന്നെ കമന്റ്‌ അടിക്കരോട് ഒരു വാക്ക്.നിങ്ങള്‍ക്ക് ഇതിനെ പറ്റി എന്തും പറയാം.തെറി മാത്രം പറയരുത്.

Monday, October 3, 2011

കുഞ്ഞിയേട്ടി ഹാജിയും പൊട്ടനും.

 വൈകുന്നേരം അങ്ങാടിയില്‍  പോയി മീനും വാങ്ങി വന്ന കുഞ്ഞിയേട്ടി ഹാജി കണ്ഠം നിറച്ച് പവ്ക്കടക്ക വീണു കിടക്കുന്നത് കണ്ട വ്യാകുല ചിത്തനായി. വീണു കിടക്കുന്ന അടക്ക മിക്കതും കടവാതില്‍ കടിച്ചതായിരുന്നു."ഈറ്റ്ങ്ങളെ കൊണ്ട് തോറ്റല്ലോ ബാപ്പാ. ഇതും കൊണ്ട് ഈറ്റ്ങ്ങള്‍ ഏട്തേക്കാ ഒളീ പോന്നത്. അ കുനീലെല്ലാം കണ്ടത് എന്റെ അടക്ക തന്നെയായിരിക്കും." കണ്ണിന് മുകളില്‍ കൈ വെച്ച് മേലോട്ട് നോക്കിയ ആയ്യാര്‍ കണ്ടത് കവുങ്ങ് നിറയെ മുഴുത്ത് പഴുത്ത അടക്കകള്‍. 


"അല്ലക്കളെ ഏയ്" വീട്ടുമുറ്റത്ത് എത്തിയ ആയ്യാര്‍ അലറി വിളിച്ചു. ഇടന്നായി അകത്തിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട അലീമിച്ച ആയ്യാരുടെ അറാംബെറുപ്പിന്റെ കാരണം തിരക്കി. "എന്താന്ന് " 
"അയ്യടക്ക അതാ കായേനെ  കടാതില്‍ കൊണ്ടുവോന്ന്‍. ഇപ്പന്നിയേക്ക് എന്റെ അടക്ക മാത്തിരേ കണ്ടുള്ളൂ ഓളി. ഇതെന്ത് കാലക്കെടാളീ...ആയെല്ലാം പോട്ടെ , ഉമ്മക്ക് ആരെയാ കിട്ട്വ അതൊന്ന്‍ പറപ്പിക്കുവേന്‍"
ഇങ്ങക്ക് കാഞ്ഞിരോറ പൊട്ടനെ ഇങ്ങു ബിളിച്ചോറോ ..ഓനിംഗ് പറചിയേരും."
"അഉ ശരിയാ ഇഞ്ഞി പറഞ്ഞത് ...ഇപ്പത്തന്നെ ആയിക്കോട്ടെ ..പിന്നേക്ക് ബെച്ചാ നടക്കുവേല... ഞാന്‍ ഓന കൂട്ടീറ്റ് ബെര..ഇഞ്ഞി ഇ മീനങ്ങ് എടുത്തോ"

മീന്‍ കോനായില്‍ വെച്ച് ആയ്യാര്‍ പൊട്ടന്റെ വീടിലേക്ക്‌ ശരം വിട്ട വേഗത്തില്‍ പാഞ്ഞു. പണികഴിഞ്ഞു വന്ന്‍ കുളിക്കാന്‍ കിണറ്റുംകരയില്‍ നിന്ന് വെള്ളം കോരുന്ന റജിയെ കണ്ട ആയ്യാരുടെ മുഖത്ത് ആയിരം ട്യൂബ് ലൈറ്റ്കള്‍ ഒന്നിച്ചു പ്രകാശിച്ചു. 
"പൊട്ടാ പോട്ട" റജിയുടെ പിറകില്‍ നിന്നും ആയ്യാര്‍ ഉറക്കെ കൂറ്റെടുത്തു. പൊട്ടനുണ്ടോ ഇതെല്ലം കേള്‍ക്കുന്നു. അവന്‍ പൊട്ടനല്ലേ. വെറും പൊട്ടന്‍. 
"അല്ല ഞാനിത് ആരോട ഇ പറേന്നത്. കതിന പൊട്ടിയാ കേക്കാതെ ഇഞ്ഞോടോ" എന്നും പറഞ്ഞു ആയ്യാര്‍ കിണറ്റിന്റെ അപ്പുറത്ത്‌ റജിക്ക് കാണാവുന്ന വിധത്തില്‍ നിന്ന ആയ്യാര്‍ കൈ കൊണ്ട് സലാം കാണിച്ചു. ഓര്‍ക്കാപ്പുറത്ത് ആയ്യാരെ കണ്ട റജി ചില പ്രത്യേക ശബ്ദങ്ങള്‍ ഉണ്ടാക്കി.
ഡയലോഗ്ന്റെ അകമ്പടിയോടെ ആയ്യാര്‍ അടക്ക കടാതില്‍ തിന്നുന്നതും അത് പറിക്കേണ്ടതിന്റെ ഏറ്റവും വലിയ ഇപ്പോഴത്തെ ആവശ്യത്തെ പറ്റിയും കുറെ അംഗ വിക്ഷേപങ്ങള്‍ കാണിച്ചു. പണ്ടേ പൊട്ടനായ റജിക്ക് ആയ്യാരുടെ പൊട്ടന്‍ ഭാഷ ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ ഒരു പണി തരുവാനാണ് തന്നെ വിളിക്കുന്നതെന്നും മനസ്സിലാക്കിയ റജി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ആയ്യാരോട് മുന്നില്‍ നടക്കാന്‍ ആങ്ങ്യം കാണിച്ചു. 

ആയ്യാര്‍ മുന്നിലും റജി പിന്നിലുമായി ഓട്ടവും അല്ല നടത്തവും അല്ല എന്ന വിധത്തിലുള്ള ഒരു പോക്കായിരുന്നു അത്. ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കി റജീനോട്
കടാതിലിന്റെ ക്രൂരമായ പ്രവര്‍ത്തിയെ പറ്റിയും, അവനെ കവുങ്ങില്‍ കയറാന്‍ കിട്ടിയില്ലായിരുന്നെങ്കില്‍ സംഭവിച്ചേക്കാവുന്ന ഭയങ്കരമായ അടക്ക നാശത്തെ പറ്റിയും മറ്റും റജിയോട് കഥകളി കാണിച്ചു. കഥയുടെ അര്‍ഥം മനസ്സിലാവാത്ത റജി ആയ്യാരുടെ ആന്ഗ്യങ്ങള്‍ കണ്ട് പ്രത്യേക ശബ്ദത്തോടെ ചിരിച്ചു.  കവുങ്ങിന്റെ ചുവട്ടിലെത്തിയ ആയ്യാര്‍, റജിക്ക് കവുങ്ങിലുള്ള  പഴുത്ത അടക്കകളും നിലത്ത് വീണു കിടക്കുന്ന കടവാതിലുകള്‍ ചവച്ച അടക്കകളും ചൂണ്ടി കാണിച്ചു. അടക്ക വീണു പോവുന്നതാണ് ആയ്യാരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശനമെന്ന്‍ മനസ്സിലാക്കിയ റജി, അടുത്തുള്ള വാഴയില്‍ നിന്നും നാരു കീറി നനച്ച് ഒരു തളപ്പ് ഉണ്ടാക്കി, കവുങ്ങിന്റെ മുകളിലേക്ക് വലിഞ്ഞു കയറി. 

റജിയുടെ കവുങ്ങ് കയറ്റകല ആയ്യാര്‍ താഴെ നിന്നും നോക്കി ആസ്വദിച്ചു. മുകളിലെത്തിയ റജി പഴുത്ത അടക്കാ കുലകള്‍ താഴേക്ക് പറിച്ചിട്ടു.സംത്രിപ്തനായ ആയ്യാര്‍ റജിയോട് താഴേക്ക് ഇറങ്ങി വരാന്‍ ആങ്ങ്യം കാണിച്ചു കൊണ്ട് പറഞ്ഞു. "ഇനി ഇഞ്ഞി ഇങ്ങു കീഞ്ഞോ" പച്ച അടക്ക കൂടി പറിക്കാനാണ് ആയ്യാര്‍ പറയുന്നതെന്ന്‍ കരുതി റജി പച്ച അടക്ക കുല പറിച് താഴെ ഇട്ടു. ആയ്യാര്‍ വീണ്ടും വീണ്ടും ഇറങ്ങി വരാന്‍ ആങ്ങ്യം കാണിച്ചു. റജി പച്ചക്കുലകള്‍ ഓരോന്നോരോന്നായി പറിച്ചിട്ടു.പച്ച കുറിക്ക് പൈങ്ങ മുഴുവന്‍ ആയ്യാരുടെ പറമ്പില്‍ ചിതറി കിടന്നു...

ഹൃദയഭേദകമായ ഈ കാഴ്ച കണ്ട ആയ്യാര്‍ തലക്ക് കൈ കൊടുത്ത് നിലത്ത് ഉക്കിച്ചിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു..."ഇ ലച്ചനം കെട്ട ഇഞ്ഞ ഇ പണിക്ക് ബിളിച്ച എനക്ക് ഇത് തന്നെ കിട്ടണം."

Monday, August 22, 2011

പൊക്കന്‍മാര്‍

പൊക്കനെ പിടിച്ചു കല്ലെടുപ്പിക്കുന്ന പ്രായത്തില്‍....
പൊക്കന്‍ ഒരു സംഭവമായിരുന്നു. തെക്കയില്‍ താഴ വയല്‍. അവിടെയായിരുന്നു ഞങ്ങളുടെ പ്ലേ ഗ്രൌണ്ട്.
 തീരെ ചെറുതായിരുന്നപ്പോള്‍ ഞങ്ങള്‍ അവിടെ ചട്ടിയാന്‍ പൊട്ടിയാന്‍, കോട്ടെ പിടുത്തം, തലമ , ഇട്ടിയും കൊള്ളിയും പിന്നെ ഏറും , 
ഏറെന്നാല്‍ കല്ല്‌ വെച്ച മടഞ്ഞ ഓലപ്പന്ത്‌ കൊണ്ടുള്ള ഭയങ്കര ഊക്കിലുള്ള കൊല്ലുവാനുള്ള ഏര്‍, ഒക്കെയാണ് കളികള്‍.

 പിന്നെ കുറച്ച മുതിര്‍ന്നപ്പോള്‍ അത് ക്രിക്കറ്റ്‌, ഫുട്ബോള്‍, വോളി ബോള്‍ എന്നീ കളികളായി. വെള്ളം വറ്റിയാല്‍ ക്രിക്കറ്റ്‌, വോളി ബോള്‍. ചളി ആയാല്‍ ഫുട്ബോള്‍. 
ആ കളിയെ ഫുട്ബോള്‍ എന്ന് വിളിച്ചാല്‍ അത് കണ്ടു പിടിച്ച സായിപ്പ് ചിലപ്പോ ചവിട്ടി കൊല്ലും. പറഞ്ഞു കാടു കയറുന്നുണ്ടോ..പൊക്കന്റെ കഥ തന്നെ പറയാം. 
 ആ വയലില്‍ ചില പ്രത്യേകം സീസണില്‍ കുറേ പൊക്കന്‍മാര്‍ പാറി നടക്കുമായിരുന്നു. പിന്നെ മറ്റു കളികളെല്ലാം വിട്ടു ഞങ്ങള്‍ പൊക്കനെ പിടിക്കാന്‍ ഓല തുച്ചവുമായി ഓടി നടക്കും.
 ചെലപ്പൊ ഒന്നിനെ കിട്ടും. ഒരു വിധം പൊക്കന്‍ മാരെല്ലാം മണിമലയില്‍ മരുന്നടിക്കാന്‍ വരുന്ന ഹെലി കോപ്ടെര്‍ പോലെ   ആയിരുന്നു. ഞങ്ങള്‍ അക്ഷര ശുദ്ധിയോടെ ഹെലികോപെര്‍ എന്നും പറയും. 




പിടിച്ചു കഴിയുമ്പോഴേക്കും പൊക്കന്‍ അവശനായിരിക്കും. അമ്മാതിരി അടിയല്ലേ ഓല തുച്ചം കൊണ്ട് കിട്ടിയത്.
അങ്ങിനത്തെ അടി കിട്ടിയാല്‍ ഏത് പൊക്കന്‍ ആയാലും മരിക്കുകയോ ചാവുകയോ ചെയ്യും. ഹിന്ദു പൊക്കനാണെങ്കില്‍ ചാവട്ടെ. മുസലിം പൊക്കന്‍ മരിക്കുകയും ചെയ്യട്ടെ.
എന്തായാലും എനിക്ക് കിട്ടിയ പൊക്കന്‍ ചത്തിട്ടില്ല. ഞാന്‍ അതിന്‍റെ വാലിന്‍റെ തെന്പ് പിടിച്ചു. അതിനു സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഉറക്കെ പറഞ്ഞേനെ..മെല്ലെ പിടിക്കെടാ പന്നീ. കാരണം അമ്മാതിരി പിടുത്തമായിരുന്നു ഞാന്‍ അതിനെ പിടിച്ചത്. 

Thursday, August 4, 2011

കുരുത്തക്കേടുകള്‍ ഭാഗം 1 : വക്കീല്‍ പുരാണം

              സ്ഥലം: കോഴിക്കോടെ ജില്ലയിലെ കുറ്റിയാടിക്കടുത്ത് നിട്ടൂര്‍ പോയില്‍മുക്ക് പ്രദേശം. തികച്ചും ഒരു ഉള്‍നാടന്‍ ഗ്രാമം. ഗ്രാമീണതയുടെ നിഷ്കളങ്കതയും ഒപ്പം എല്ലാ ഗ്രാമങ്ങളെയും പോലെ അസൂയയും കുശുമ്പും പാരവെപ്പും ആവോളമുള്ള എന്‍റെ സ്വന്തം നാട്. ഒരു പള്ളിയും ആ പള്ളിക്ക് ഒരു കമ്മിറ്റി യും ഒരു മദ്രസയും ഒരു മദ്രസ കമ്മിറ്റിയും നാട്ടിലെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഈ പള്ളിയും  മദ്രസ്സയും ഈ കഥയില്‍ നിര്‍ണായക സ്വാദീനമുള്ളത് കൊണ്ടാണ് അവ രണ്ടും എടുത്ത് പറഞ്ഞത് എന്ന് മാത്രം.

    ഇനി കഥയിലേക്ക് വരം. കഥാപാത്രങ്ങളിലേക്കും. വക്കീല്‍ എന്ന് നാട്ടുകാര്‍ തിരുപ്പേര്‍ (ഇരട്ട പേര്‍ ) വിളിക്കുന്ന അമ്മത്ക്കയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. അമ്മതക്കാക്ക് കോടതി വട്ടങ്ങളും നിയമത്തിന്റെ നൂലാമാലകളും മനപ്പാഠം. ഒരു പാട് ഭൂ സ്വത്തിനു ഉടമയാണെങ്കിലും അവയൊന്നും അനുഭവിക്കാനുള്ള ജോഗം മൂപ്പര്‍ക്ക് ഇല്ല . മൂപ്പരുടെ കയ്യിലിരിപ്പ് തന്നെ കാര്യം . പറമ്പില്‍ നിന്ന് കിട്ടുന്ന ആദായമൊക്കെ കേസ് നടത്തി മുടിപ്പിക്കുന്നു. അതിനാല്‍ ഒരു ദാരിദ്ര്യം പിടിച്ച ജീവിതമാണ്‌ കുടുംബത്തോടൊപ്പം അയാള്‍ നയിക്കുന്നത്. ആശാന്‍റെ പ്രധാനപ്പെട്ട ഒരു വിനോദം എന്തെന്നാല്‍ അയാളുടെ പേരിലുള്ള ഏതെങ്കിലും  ഒരു വസ്തു ആര്‍ക്കെങ്കിലും വിറ്റിട്ട് പിന്നെ കുറച്ചു കാലം കഴിഴുമ്പോള്‍ കേസ് പറഞ്ഞു അത് തിരിച്ചു പിടിക്കുക എന്നതാണ്. ഇത് കാരണം നാട്ടുകാര്‍ ഒട്ടുമുക്കാലും അയാള്‍ക്ക് എതിരാണ്. മാത്രവുമല്ല മൂപര്‍ക്ക് വിരോധമുള്ളവരെ എന്തെങ്കിലും കള്ള കേസിലും കുടുക്കും. ഇത് കാരണം നാട്ടുകാര്‍ അങ്ങേരെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാണ്. 

                    അങ്ങനെ ഒരു നാള്‍ നാട്ടിലെ മദ്രസാകമ്മിറ്റി  പച്ചത്തേങ്ങ വാങ്ങി അട്ടതിടാന്‍ (പുകയുള്ള അടുക്കളയുടെ മേല്‍ഭാഗം) തീരുമാനിച്ചു. ഇങ്ങനെ അട്ടതിടുന്ന തേങ്ങ അഞ്ചാറ് മാസം പുക കൊണ്ട് ഉണക്കമായാല്‍ നല്ല ലാഭത്തിനു വില്‍ക്കാം. മദ്രസക്ക് അട്ടം ഇല്ലാത്തതിനാല്‍ സമീപത്തെ ഏതാനും വീടുകളുടെ അട്ടത്ത് ഇടാനായിരുന്നു കമ്മറ്റി തീരുമാനം. അമ്മത്ക്കാന്‍റെ അനുജന്‍ മൊഇദുക്ക പള്ളി, മദ്രസ എന്നീ വക  ദീനീ കാര്യങ്ങളുമായി വളരെയതികം സഹകരിക്കുന്ന ഒരു സാധു പച്ച മനുഷ്യനാണ്. അങ്ങനെ ഒരു പിക്ക് അപ്പ്‌ ലോറി നിറയെ പച്ചത്തേങ്ങയുമായി കമ്മറ്റിക്കാര്‍ ചുമതലപ്പെടുത്തിയ, നാട്ടുകാര്‍ സ്നേഹത്തോടെ കുഞ്ഞിപരംബന്‍ എന്ന് വിളിക്കുന്ന അബ്ദുള്ളക്കയും ലേശം കെരാണിയുള്ള  (ഗ്രഹണി)  ഹബീബും മല്ലന്‍ ഫൈസലും മൊഇദുക്കയുടെ വീട്ടിനു അടുത്ത ഇടവഴിയില്‍ തേങ്ങ തട്ടാന്‍ തുടങ്ങി.   തേങ്ങ തട്ടല്‍ ഒരു പകുതിയായപ്പോള്‍ അതാ വരുന്നു ഭയങ്കര ഞായക്കേട് (അസഭ്യം പറച്ചില്‍) അമ്മട്ക്കന്റെ വക. ഞായക്കേട് കേട്ടതും ഹബീബിന്‍റെ പെരുവിരലില്‍ നിന്നും കെരാണി തലച്ചോറിലേക്ക് ഇരച്ചു കയറി. "എന്ത്ന്നാ -------ന്‍റെ മോനേ ഇനിക്കി മാണ്ട്യെ.." എന്നും പറഞ്ഞു അമ്മട്ക്കാനെ തക്കാന്‍ (തല്ലാന്‍) പാഞ്ഞ (ഓടിയ) ഹബീബിനെ  മല്ലനും കുഞ്ഞിപരപനും ഒരു വിധം പിടിച്ചു നിര്‍ത്തി. 

                                       കുഞ്ഞിപരംബന്‍ ഊരക്ക് കയ്യും കൊടുത്ത് അമ്മതിനെ നോക്കി. "ഇഞ്ജി എന്താ വെര്‍തന്നെ ഞായക്കേട്‌ പറയുന്നത് അമ്മതെ?" കുഞ്ഞിപരംബന്‍ അമ്മതുമായി കലമ്പി. കലമ്പലിനിടയില്‍ അമ്മദ് ഞായക്കേടിന്റെ കാരണം പറഞ്ഞു. അമദിന്റെ പറമ്പിന്‍റെ ഭാഗത്തുള്ള ഇടവഴിയില്‍ തേങ്ങ തട്ടിയതാണ് കളംബലിന്റെ കാരണം. അല്ലെങ്കിലും കലംബാന്‍ അമ്മതിനു വലിയ കാരണമൊന്നും വേണ്ടല്ലോ. അങ്ങനെ കുഞ്ഞിപരപനും കേരാണിയും മല്ലനും  അമ്മതും കൂടി കലമ്പി കലമ്പി എല്ലാവരുടെയും വായിലെ വെള്ളം വറ്റി. കേസ് കൊടുക്കുമെന്ന്‍ അമ്മത്. കേസ് കൊടുത്താല്‍ നിന്നെ കൊന്നിട്ട്ട് അയിന്റെ കേസിനു പോവുമെന്ന്‍ ഹബീബ്.  അവസാനം ഹബീബിന്‍റെ ഹാലിളക്കം കണ്ടിട്ടോ എന്തോ അമ്മദ് അവിടെ നിന്നും സ്ഥലം വിട്ടു. കെരാണിയും മല്ലനും മൊഇദുക്കയുടെ പെണ്ണുങ്ങള്‍ അസ്യേച്ച ഉണ്ടാക്കിയ ചീരോപരങ്കി ഇട്ട മോരും വെള്ളം ഒറ്റവലിക്ക് പള്ളയില്‍ ആക്കി ബാക്കിയുള്ള തേങ്ങ തട്ടി തീര്‍ത്തു.


                                                    പിറ്റേന്നു കമ്മിറ്റിക്കാര്‍ക്കെതിരെ അമ്മദ് പോലീസില്‍ പരാതിപ്പെട്ടു. അതനുസരിച്ച് ഭവനഭേദനം, വധശ്രമം, സ്വത്തുകയ്യേറ്റം എന്നീ വകുപ്പുകള്‍ ചാര്‍ത്തി പോലീസ് കമ്മിറ്റി പ്രസിഡന്റ്‌ മൂസ ഹാജി, സെക്രട്ടറി മൊഇദു മാഷ്, കുഞ്ഞിപരംബന്‍, മല്ലന്‍, കെരാണി എന്നിവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തതോടെ പോയില് മുക്കിന്റെ സമാധാന അന്തരീക്ഷം പ്രക്ശുബ്ദമായി. അടിയന്തിര കമ്മിറ്റി വിളിച്ചു ചേര്‍ത്തു. അമ്മദ് ഇതാ കളിച്ചു കളിച്ച്‌ പള്ളിക്കും മദ്രസക്കും എതിരെ കളിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് ചിലര്‍. അമ്മതിനു രണ്ടെണ്ണം കൊടുക്കണമെന്ന് മറ്റു ചിലര്‍. അമ്മതിന്റെ കാല് തച്ചു മുറിക്കണമെന്നു പരോന്‍ അബ്ദുള്ള. നാട്ട്ന്നു ഓടിക്കണമെന്നും അതല്ലെങ്കില്‍ ഓനെ തട്ടിക്കളയണമെന്നും വരെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അഭിപ്രായങ്ങള്‍ ഏതു പട്ടിക്കും പറയാമല്ലോ...


                                                     അങ്ങനെ അമ്മതിനു എതിരെ വിളിച്ചു ചേര്‍ത്ത കമ്മറ്റിയും കലമ്പി കലമ്പി എങ്ങും എത്തിയില്ല. വായ കൊണ്ട് പറയാന്‍ എല്ലാരും ബഹു ജോര്‍ തന്നെ. അവസാനം കേസ്, കേസിന്റെ വഴിക്ക് കമ്മിറ്റി നടത്തുമെന്ന് തീരുമാനിച്ചു കമ്മറ്റി പിരിഞ്ഞു. 


                                                                            ******
                                                                 മയിമ്പിന്റെ (സന്ധ്യയുടെ ) ചായയും കുടിച്ചു ഞങ്ങള്‍ അഞ്ചെട്ടു പേര്‍ സ്ഥിരം താവളമായ കുമാരന്റെ പീടികയില്‍ എത്തി. ഞങ്ങള്‍ എന്നാല്‍ ഞാന്‍ , മല്ലന്‍, കെരാണി, നായികുറുക്കന്‍ പിക്ക് അപ്പ്‌ ഒട്ടുന്ന സക്കീര്‍, കക്കുടുംബിലെ  ഹാഷിം, മുനീര്‍ പിന്നെ കുറച്ചു പയ്യന്‍സും. ഗൌരവമായ വിഷയം അമ്മതിന്റെ പോക്കിരിത്തരം തന്നെ. ഓന്റെ കോടതി പൂട്ടിക്കണം എന്നാ കാര്യത്തില്‍ ആര്‍ക്കും എതിര്‍ അഭിപ്രായം ഇല്ല. നാളെ മോന്തിക്ക്‌ അതിനുള്ള പണി തുടങ്ങാം എന്നായി. അങ്ങനെ നാളെ മോന്തിക്കായി കാത്തിരിക്കാന്‍ തുടങ്ങി. സിഗരറ്റ് വലിച്ചൂതി നാളെ എന്തൊക്കെ ചെയ്യണം എന്നാ ആലോചനയിലായി എല്ലാവരും...


                                                                                   ഒരു പകല്‍ കൂടി പോയില്മുക്കില്‍ നിന്നും മാഞ്ഞുതുടങ്ങി. ഇന്ന് പകല്‍  കമ്മിറ്റിക്കാര്‍ പോലിസ്  സ്റ്റേഷനില്‍ ചെന്ന് മൊഴി കൊടുത്ത് തിരിച്ചു വന്നു. മയിമ്ബായതോടെ കുഞ്ഞിപരംബന്റെ പലചരക്ക് കട ജന നിബിടമായി. കുഞ്ഞിപരംബനും മൊഇദു മാഷും സ്റ്റേഷനില്‍ എസ്.ഐ ചോദ്യം ചെയ്തതും കേസിന്റെ ഭാവിയും വിശദീകരിച്ചു. കദര്‍ ഇട്ട പഴഴ കോണ്‍ഗ്രസ്‌ കാരനായ കുഞ്ഞൂപി എല്ലാത്തിനും മൂളി.  ബാക്കിയുള്ളവര്‍ വാ പൊളിച്ചു കേട്ട് നിന്ന്. ചിലര്‍ക്ക് കേസിനെ പറ്റി പല സംശയങ്ങളും. സംശയങ്ങള്‍ക്ക് മൊഇദു മാഷ് ഉത്തരം നല്‍കി. എന്തായാലും മാഷല്ലേ പറയുന്നത്. അങ്ങനെ തന്നെ ആയിരിക്കും എന്ന എല്ലാവര്ക്കും തോന്നി.  പള്ളിയില്‍ നിന്നും ഇഷ ബാങ്ക് രണ്ടു മുട്ടോടെ മുക്രി കൊടുത്തു തീര്‍ത്തു. കുഞ്ഞൂപ്പിയും മറ്റു ചിലരും മുണ്ടിറെ തല തൊക്കിടുക്കില്‍ തിരുകി പള്ളിയിലേക്ക് നടന്നു. കുഞ്ഞിപരംബന്‍ പീടികയ്ക്ക് പുറത്ത് വെച്ചിരുന്ന സാദനങ്ങള്‍ അകത്തേക്ക് വെച്ച് തുടങ്ങി. കുറച്ചു കൂടി കച്ചവടം ചെയ്ത് കുഞ്ഞിപര്‍മ്ബന്‍ പീടികയുടെ ഷട്ടര്‍ ശബ്ദത്തോടെ വലിച്ചു താഴ്ത്തി. അതോടെ മുതിര്‍ന്നവര്‍ എല്ലാം വാങ്ങിയ ചില്ലറ സാദനങ്ങളും എടുത്ത് അവരവുടെ വീടിലേക്ക്‌ നടന്നു. പിന്നെ ബാക്കിയായത് പീടികയിലെ ബെഞ്ചും പിന്നെ ഞങ്ങള്‍ പത്തിരുപത് ചെറുപ്പക്കാരും.
                                                                             എല്ലാവരും എന്തോ കരുതിയിരിക്കുന്ന പോലെ . ഭയാനകമായ ഒരു നിശബ്ദദ ഞങ്ങളുടെ ഇടയില്‍ തളം കെട്ടി നിന്ന്. അതിനിടയില്‍ അടക്കിപ്പിടിച്ച നേര്‍ത്ത ചില സംസാരങ്ങള്‍ . നിശബ്ദദയെ ഭേദിച് മല്ലന്റെ കാതടപ്പിക്കുന്ന ചിരി എവിടെയൊക്കെയോ തട്ടി പ്രതിദ്വനിക്കുന്നു. കുറച്ചു നേരം കൂടി ഞങ്ങള്‍ ആ പീടിക കൊലായിയില്‍ തിരിഞ്ഞു കളിച്ചു. പിന്നെ എല്ലാവരും കൂടി ഇരുട്ടിന്റെ  മറവില്‍ അമ്മതിന്റെ വീട് ലക്ഷ്യമാക്കി നടന്നു. കക്കുടുംബിലെ ഹാഷിം ആവട്ടെ പീടികയിലെ ബെഞ്ച് എടുത്ത് തലയില്‍ വെച്ചാണ്‌ നടക്കുന്നത്. അതെന്തിനാ ബെഞ്ച്‌ എന്ന് ചോദിച്ചവരോട് തളരുമ്പോ ഇരിക്കാലോ എന്ന്‍  മറുപടിയും പറഞ്ഞു.പോകുന്ന വഴിക്ക് ഓരോരുത്തരും റോഡ്‌ പണിക്ക് കൂടിയിട്ട ബോളെരുകള്‍ കയ്യില്‍ എടുത്തു പിടിച്ചു. എല്ലാവര്ക്കും എന്തോ വലിയ ഒരു സമരം ചെയ്യാന്‍ പോവുന്നതിന്റെ ആവേശം.  കൂടത്തില്‍ മുതിര്‍ന്ന ജമാല്‍ ഈ സമരത്തിന്‌ നേതൃത്വം കൊടുത്തു. നടന്ന്‍ നടന്ന്‍ അമ്മദിന്റെ വീടിന്റെ മുമ്പിലെത്തി.  വീട് എന്ന് പറയുമ്പോള്‍ അതൊരു വലിയ വീടാണ് എന്നൊന്നും ആരും കരുതരുത്. ഒരു കുടില്‍ എന്ന് പറയാന്‍ പറ്റുകയുള്ളൂ അതിനെ. 


                                    അകത്ത് ചിമ്മിനി വിളക്കിന്റെ പ്രകാശം വാതിലിനിടയിലൂടെ പുറത്തേക്ക് വരുന്നു. മുറ്റത് നിന്നും ആ വാതിലിനു നേരെ ഉന്നം പിടിച്ചു നേതാവ് പൈയിങ്ങ കച്ചോടക്കാരന്‍ ജമാല്‍ കയ്യിലുണ്ടായിരുന്ന ബോളെര്‍ കൊണ്ട് ആദ്യത്തെ ഏര്‍ പാസാക്കി. കൃത്യം വാതിലില്‍ തന്നെ വലിയ ഊക്കന്‍ ശബ്ദത്തോടെ ആ ഏര്‍ കൊണ്ടു.       വീടിനുള്ളില്‍  നിന്നും കട്ടിലിന്റെ ഒരു ഞരക്കവും പേടിച്ച ഒരു നിലവിളിയും പുറത്തേക്ക് വന്നു. പിന്നെ തുരുതുരാ ഏറായിരുന്നു. കയ്യില്‍ കരുതിയ ബോളെര്‍ കല്ലുകള്‍ തീരുന്നത് വരെ പത്തിരുപത് ആള്‍ക്കാര്‍ ആ വീടിനെ ലക്ഷ്യമാക്കി എറിഞ്ഞു. കല്ലുകള്‍ തീര്‍ന്നു പോയവര്‍ വീണ്ടും കല്ലുകള്‍  പെറുക്കാനായി റോഡിലേക്കും പറമ്പിലേക്കും  ഓടി. 
                                                                   സഹികെട്ട്ട് അമ്മദിന്റെ പെണ്ണുങ്ങള്‍ അയിച്ച " ഞാള അങ്ങ് കൊന്നോളീന്‍" എന്നും പറഞ്ഞു കോലായിലേക്കിറങ്ങി. "കൊല്ല്വാന്‍ തന്നെയാ പരിപാടി " എന്നും പറഞ്ഞു പിക്ക് അപ്പ്‌ ഡ്രൈവര്‍ സകീര്‍ എറിഞ്ഞ ഒരു കല്ല്‌ അയിച്ച യുടെ ചെകിടത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒരു മൂളലോടെ പിന്നിലെ ചുമരില്‍ പോയി പതിച്ചു. പേടിച്ചു വിരണ്ട അയിച്ച അകത്തേക്ക് ഓടിക്കയറി വാതിലടച്ചു. അടച്ച വാതിലിനു പിന്നെയും കല്ലുകള്‍ ചെന്ന്‍ കൊണ്ടു.
                                                                     എറിഞ്ഞു തളര്‍ന്നവര്‍ അമ്മദിന്റെ വീടിന്റെ പുറകിലുള്ള തെങ്ങിന്‍ തോട്ടത്തിലേക്ക് കയറി. ചെറിയ ചെറിയ തെങ്ങുകള്‍ തിരഞ്ഞു പിടിച്ച് വലിഞ്ഞു കയറി ഇളനീര്‍ കുലയോടെ പറിച്ചു താഴേക്കിട്ടു. പിന്നെ അത് തോത്ത് കുടിച്ചു. പിന്നെ കുറെ പേര്‍ ഹാഷിം കൊണ്ടു വന്ന ബെഞ്ച്‌ നടുറോടിലിട്ടു അതിലിരിന്നു. രാത്രിക്ക് കനം കൂടിയതോടെ ഓരോരുത്തരായി സ്വന്തം വീടുകളിലേക്ക് പോയി തുടങ്ങി.  


                                                     പിന്നീടുള്ള ദിവസങ്ങളിലും ചാത്തനേര്‍ (ഈ പരിപാടിക്ക് ഞങ്ങള്‍ ഇട്ട പേര്‍ ) ഇളനീര്‍ കുടി മറ്റു കലാപ പരിപാടികളും അരങ്ങേറി. അമ്മദ് പോലീസെ സ്റ്റേഷനില്‍ ചെന്ന്‍ കേസ്  പറഞ്ഞു കൊണ്ടേയിരുന്നു.അന്യേഷണത്തിന് വന്ന പോലീസ്കരോട് അങ്ങനെ ഒരു സംഭവമേ ഇല്ലെന്നു നാട്ടുകാര്‍.   പോലീസുകാര്‍ വന്നപ്പോഴെല്ലാം വിദഗ്ദ്ധമായി അവരുടെ കയ്യില്‍ പെടാതെ ഇരുട്ടില്‍ ഒളിച്ചു. കള്ള കേസിന്റെ ആശാനായ അമ്മദ്,  കന്നുകാലി, കോഴികള്‍ വിലപിടിപ്പുള്ള പാത്രങ്ങള്‍ മോഷണം പോയെന്നും വീട് തകര്‍ക്കാന്‍ ശ്രമിച്ചുമെന്നും മറ്റും പറഞ്ഞു കേസുകള്‍ കൊടുത്ത് കൊണ്ടേയിരുന്നു. അവസാനം ഇവയെല്ലാം അമ്മദിന്റെ കള്ള കേസുകളാണെന്ന നിഗമനത്തില്‍ ഒരു പോലെ നാട്ടു കാരും പോലീസ്കാരും എത്തിച്ചേര്‍ന്നു. അങ്ങനെ അമ്മദിന്റെ കേസുകള്‍ പോലീസുകാര്‍ക്കും മടുത്തു തുടങ്ങി.  അവസാനം അമ്മതിനെ ഒരു പൊതു ശല്യം ആയി പോലീസ് പരിഗണിക്കാന്‍ തുടങ്ങിയതോടെ അമ്മദിന്റെ കേസുകള്‍ പോലീസ് സ്റ്റേഷനില്‍ എടുക്കാതെ ആയി. അതോടെ അമ്മദിന്റെ കേസ് ഭീഷണിയെ പേടിയില്ലാതായ നാട്ടുകാര്‍ അമ്മദിന്റെ മൂക്കിനു താഴെ വരെ പല കോപ്രായങ്ങളും കാണിച്ച തുടങ്ങി. 



പിന്കുറി:കുറച്ചു കാലങ്ങള്‍ക്ക്  തിരിച്ചറിവ് വന്ന അമ്മദ് പിന്നെ കേസുകള്‍ക്ക് പിന്നാലെ പോകാതെ കുടുംബവ്മായി ഒതുങ്ങി കൂടി. നാട്ടുകാരുടെ സഹായ സഹകരണത്തോടെ മകളുടെ വിവാഹം നല്ല നിലയില്‍ നടത്തി. ഇപ്പോള്‍ നാട്ടില്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു. അതിനു കാരണക്കാരവാന്‍ കഴിഞ്ഞതില്‍ ഞങ്ങളും അഭിമാനിക്കുന്നു.
ഈ കഥയ്ക്ക് ഒരു അനുബന്ധ കഥയും കൂടെ ഉണ്ട്. അത് കൂടി വായിച്ചാലെ ഈ കഥ പൂര്‍ണമാകുകയുള്ളൂ.  ഉടന്‍ പ്രതീക്ഷിക്കാം.